കട്ട വിരിക്കാനായി റോഡ് കുത്തിപ്പൊളിച്ചിട്ട് ആഴ്ചകൾ : നട്ടംതിരിഞ്ഞ് നാട്ടുകാർ
1587825
Saturday, August 30, 2025 4:26 AM IST
ആലങ്ങാട്: ആലങ്ങാട് കടുങ്ങല്ലൂർ റോഡിൽ ഉഷാ ഗോഡൗണിന് സമീപം 50 മീറ്ററോളം നീളത്തിൽ റോഡ് കുത്തിപ്പൊളിച്ച് ടൈൽ വിരിക്കുന്ന പണികൾ നിലച്ചിട്ട് ആഴ്ച്ചകൾ പിന്നിടുന്നു. റോഡുകൾ തമ്മിൽ രണ്ടു തട്ടിലായതിനെതുടർന്ന് കുഴിയിൽ ചാടി വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്.
ഇന്നലെ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ അപകടത്തിൽപെട്ടു. കഴിഞ്ഞദിവസം ഓട്ടോറിക്ഷയും കുഴിയിൽ വീണിരുന്നു. പൊളിച്ചിട്ടിരിക്കുന്ന റോഡിന്റെ ഇരുവശത്തും വിരിക്കാനുള്ള കട്ടകളും, മെറ്റലും കൂട്ടിയിട്ടിരിക്കുകയാണ്. ഇതിൽ കയറിയും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്.
അപകടങ്ങൾ തുടർക്കഥയായതോടെ പൊതുമരാമത്ത് ഓഫിസ് ഉപരോധിക്കുമെന്നാണു നാട്ടുകാർ അറിയിച്ചിരിക്കുന്നത്. റോഡിന്റെ ഇരുവഴങ്ങളിലായി കട്ടകൾ നിരത്തി വച്ചതോടെ അപകട സാധ്യത ഇരട്ടിയാണ്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് അറ്റകുറ്റപ്പണിയെന്നാണ് പൊതുമരാമത്ത് അധികൃതരുടെ വാദം.