കാർഷിക ഉല്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കണം : കേരള കോണ്ഗ്രസ് (എം)
1225095
Tuesday, September 27, 2022 12:10 AM IST
പാലക്കാട് : കേരള കോണ്ഗ്രസ് എം കോങ്ങാട് നിയോജകമണ്ഡലം സ്റ്റീയറിംഗ് കമ്മിറ്റി യോഗം തച്ചന്പാറ ദേശബന്ധു ഹൈസ്കൂളിൽ വച്ച് നടന്നു. പാർട്ടിയുടെ 58-ാം ജന്മദിനമായ ഒക്ടോബർ 9ന് പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ചു.
അന്നേദിവസം എല്ലാ കൊടിമരങ്ങളിലും പാർട്ടിയുടെ കൊടി ഉയർത്തുവാൻ തീരുമാനിച്ചു. റബറിന്റെയും നാളികേരത്തിന്റെയും വിലയിടുവിൽ കർഷകർ വലിയ ബുദ്ധിമുട്ടിൽ ആണെന്നും ഇതിൽനിന്ന് കരകയറുവാൻ ഗവണ്മെന്റ് സത്വര നടപടികൾ സ്വീകരിക്കണമെന്ന് കേരള കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ജോസഫ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
റബറിന് മിനിമം താങ്ങുവില 200 രൂപ ആക്കണമെന്നും എല്ലാ കർഷകർക്കും സബ്സിഡി ലഭ്യമാക്കണമെന്നും ഇതിനുവേണ്ടി വില സ്ഥിരത ഫണ്ട് നീക്കി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ നാളികേരത്തിന് തറവില 40 രൂപ ആക്കി കർഷകരിൽ നിന്നും മുഴുവൻ തേങ്ങ സംഭരിക്കുവാനുള്ള സംവിധാനം കൃഷി വകുപ്പ് മുഖേന ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാലവർഷക്കെടുതിയിൽ ഭീമമായ നഷ്ടം പറ്റിയ കർഷകർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഫണ്ട് വിതരണം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് സജീവ് മാത്യു നെടുന്പുറത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ മത്തായി ഐക്കര, മിനിമോൾ ജോണ്, ജില്ലാ പഞ്ചായത്ത് മെന്പർ റെജി ജോസ്, നിയോജക മണ്ഡലം സെക്രട്ടറിമാരായ ഐസക് ജോണ്, ലിസി, സംസ്ഥാന കമ്മിറ്റി അംഗം രാധാകൃഷ്ണൻ, സുരേഷ് കുമാർ, ബെന്നി പൂവക്കോട്ട്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ശരത് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.