അപകടമരണം; യുവാക്കളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു
1601652
Tuesday, October 21, 2025 11:11 PM IST
വടക്കഞ്ചേരി: തൃശൂർ-പാലക്കാട് ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലത്തു വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം.
അഞ്ചുമൂർത്തിമംഗലം തെക്കേത്തറ പാഞ്ഞാംപറമ്പ് രാജന്റെ മകൻ ഷിബു (28), പല്ലാവൂർ ചെമ്മണംകാട് കൃഷ്ണന്റെ മകൻ കിഷോർ (28) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി അഞ്ചുമൂർത്തിമംഗലം കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമായിരുന്നു അപകടം.
ഷിബുവും കിഷോറും വീട്ടിലേക്കു പോകാൻ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ പാലക്കാടുനിന്നും തൃശൂർ ഭാഗത്തേക്കു പോയിരുന്ന ഥാർ ജീപ്പ് ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടൻ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാഞ്ഞാംപറമ്പിലുള്ള അമ്മാവന്റെ വീട്ടിൽ വന്നതായിരുന്നു കിഷോർ. ഷിബുവിന്റെ വീടിനടുത്താണ് കിഷോറിന്റെ അമ്മാവന്റെ വീട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.
ഡ്രൈവറാണ് ഷിബു. പോസ്റ്റ്മോർട്ടത്തിനുശേഷം ഷിബുവിന്റെ മൃതദേഹം വീട്ടിൽ കൊണ്ടുവന്ന് വൈകീട്ട് തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിച്ചു. പല്ലാവൂരിലെ ചുമട്ടുതൊഴിലാളിയാണ് കിഷോർ. കിഷോറിന്റെ മൃതദേഹം പല്ലാവൂരിലെ വീട്ടിലേക്കു കൊണ്ടുപോയി.
ഷിബുവിന്റെ അമ്മ: ബാലാമണി. ഭാര്യ: നന്ദന. മകൻ: ഇഷാൻ. കിഷോറിന്റെ അമ്മ: വത്സല. സഹോദരങ്ങൾ: കിരൺ, കീർത്തി.
അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ചതിനു ജീപ്പ് ഡ്രൈവർ ആലപ്പുഴ സ്വദേശി ലൂയിസ് ജോർജി(37)നെതിരേ വടക്കഞ്ചേരി പോലീസ് കേസെടുത്തു.