പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: സ്വത്തുക്കൾ ജപ്തിചെയ്ത് ജില്ലാ കളക്ടറുടെ ഉത്തരവ്
1600959
Sunday, October 19, 2025 6:41 AM IST
പാലക്കാട്: ബഡ്സ് നിയമം 2019 പ്രകാരം പോപ്പുലർ ഫിനാൻസ് കന്പനി ലിമിറ്റഡിന്റെയും കുറ്റാരോപിതരുടെയും പേരിലുള്ള സ്വത്തുക്കൾ താത്കാലികമായി കണ്ടുകെട്ടി ജില്ലാ കളക്ടറും അസിസ്റ്റന്റ് കോംപീറ്റന്റ് അഥോറിറ്റിയുമായ എം.എസ്. മാധവിക്കുട്ടി ഉത്തരവിട്ടു.
സ്ഥാപനത്തിന്റെ ജില്ലയിലെ പാലക്കാട്, മണ്ണാർക്കാട് എന്നീ താലൂക്കുകളിലെ ബ്രാഞ്ചുകളിൽ നിന്നാണ് സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുള്ളത്. പൊതുജനങ്ങൾക്ക് അമിതപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും, കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ വാഗ്ദാനം ചെയ്തിട്ടുള്ള തുകയോ നിക്ഷേപകർക്ക് നൽകാതെ കബളിപ്പിച്ചതായുള്ള പരാതികളിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പല ജില്ലകളിലെയും വിവിധ പോലീസ് സ്റ്റേഷനുകളിൽ സ്ഥാപനത്തിനെതിരെ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ ബ്രാഞ്ചുകൾ അടച്ചുപൂട്ടാനും സ്ഥാപനത്തിന്റെ- കുറ്റാരോപിതരുടെ പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുന്നതിനും ഗവണ്മെന്റ് സെക്രട്ടറി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.