റോഡിന്റെ സംരക്ഷണഭിത്തി തകർന്നു
1600980
Sunday, October 19, 2025 6:48 AM IST
കണ്ടമംഗലം: ചോലയിൽകുളമ്പ് റോഡിന്റെ സംരക്ഷണഭിത്തി തകർന്നു. ഇലവുങ്കൽ ജോസ്, ചള്ളപ്പുറത്ത് പ്രഭാകരൻ എന്നിവരുടെ വീടിന്റെ മുറ്റത്തേക്കാണ് കഴിഞ്ഞദിവസം രാത്രി സംരക്ഷണഭിത്തി തകർന്നു വീണത്. 10 അടിയോളം ഉയരമുള്ള സംരക്ഷണഭിത്തിയാണ് തകർന്നുവീണത്. ഇതോടെ ഈവഴിയുള്ള ഗതാഗതം മുടങ്ങി.
സമീപപ്രദേശങ്ങളിലുള്ള വീടുകളുടെ മുമ്പിലും സമാനരീതിയിലാണ് റോഡിന്റെ സംരക്ഷണഭിത്തിയുള്ളത്. പ്രദേശത്ത് മഴ കനത്ത് പെയ്യുന്നതിനാൽ ഈ സംരക്ഷണഭിത്തിയും തകർന്നു വീഴുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. രാത്രി 12 മണിയോടെയാണ് ഭിത്തി തകർന്നുവീണത്. അതിനാൽ ദുരന്തമൊഴിവായി. പകൽസമയങ്ങളിൽ കുട്ടികൾ മുറ്റത്താണ് കളിക്കാറുള്ളതെന്ന് ജോസ് ഭീതിയോടെ പറഞ്ഞു.
കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. സംരക്ഷണഭിത്തി പുനർനിർമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ നാട്ടുകാർക്ക് ഉറപ്പ് നൽകി.