കല്ലഞ്ചിറ റോഡ് തകർന്ന് അപകടഭീഷണി
1600971
Sunday, October 19, 2025 6:48 AM IST
തത്തമംഗലം: ചെന്തമാര -കല്ലഞ്ചിറ റോഡ് തകർന്ന് വാഹനസഞ്ചാരം അപകടഭീതിയിൽ. കഴിഞ്ഞവർഷം ഗർത്തത്തിൽ ഇടിച്ചിറങ്ങി വീണ് ബൈക്ക് യാത്രികൻ ഗുരുതരമായ പരിക്കുപറ്റിയതുൾപ്പെടെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. തത്തമംഗലത്ത് നിന്നും പെരുവെമ്പ് ഭാഗത്തേക്ക് പോകുന്നതിന് ദൂരക്കുറവുള്ള ബൈപ്പാസ് എന്നതിനാൽ കൂടുതൽ വാഹന സഞ്ചാരമുള്ള പാതയാണിത്.
ചരക്കുലോറികളും മറ്റു വലിയ വാഹനങ്ങളും കുഴികളിലിടിച്ചിറങ്ങി ലീഫുകൾ ഒടിഞ്ഞും മറ്റു തരാറുണ്ടായി വഴിയിലകപ്പെടുന്നതും പതിവായിരിക്കുകയാണ്. ഒരു മാസംമുന്പ് നാട്ടുകാർ ശ്രമദാനത്തിലൂടെമണ്ണിട്ട് കുഴികൾ അടച്ചതും ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ ഒഴുകിപ്പോയി . വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ റോഡിൽ പരന്നുകിടക്കുന്ന കല്ലുകൾ വ്യാപാരസ്ഥാപനങ്ങളിലേക്കും കാൽനടയാത്രക്കാരുടെ ദേഹത്തും വീഴാറുണ്ട്. പത്ത് വർഷം മുന്പ് നിർമിച്ച റോഡ് തകർന്നത് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്.