നെല്ലുസംഭരണം നീളുന്നതിൽ കർഷകർക്ക് ആശങ്കയേറുന്നു
1600976
Sunday, October 19, 2025 6:48 AM IST
വണ്ടിത്താവളം: നെല്ലുസംഭരണം നീളുന്നതിനാൽ കൊയ്തെടുത്ത നെല്ല് ചാക്കിലാക്കി വീട്ടുമുറ്റത്ത് നിരത്തി കർഷകർ. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാൽ കളപ്പുരകളില്ലാത്ത കർഷകർ വീടിനകത്ത് ഉപയോഗിച്ചുവരുന്ന മുറിയിൽ സാധനങ്ങൾ മാറ്റി നെല്ലുചാക്കുകൾ സൂക്ഷിച്ചിരിക്കുകയാണ്.
അയ്യൻവീട്ടുചള്ള പാടശേഖരസമിതിയിൽ 50ൽപ്പരം കർഷകരിൽ ഇരുപതിൽപ്പരം കർഷകരുടെ കൊയ്ത്ത് കഴിഞ്ഞിരിക്കുകയാണ്. മഴയും തണുത്ത കാലാവസ്ഥയും കാരണം നെല്ലിലെ ഈർപ്പം മാറ്റാൻ ഒന്നിലധികം തവണ വെയിലിൽ നിരത്തിയാണ് ചാക്കിൽ നിറച്ചിരിക്കുന്നത്. സർക്കാർ മില്ലുകാർക്ക് നെല്ലുസംഭരണത്തിനുള്ള നിർദേശം നൽകിയിട്ടില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്.
അയ്യപ്പൻചള്ള കർഷകൻ കാശുവിന്റെ 80 ചാക്ക് നെല്ല് വീട്ടിലെ മുറിക്കത്തും സ്ഥലയില്ലാത്തതിനാൽ മറ്റുള്ളവ വരാന്തയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. നെല്ല് സംഭരണം എന്ന് തുടങ്ങുമെന്നറിയാനെ കർഷകൻ ആശങ്കയിലാണ്. താലൂക്കിൽ ഇടക്കിടെ ചാറ്റൽമഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമെന്നതിനാൽ നെല്ലിന് ഈർപ്പം ഉണ്ടാവുമോ എന്നതിലും കർഷകർ അങ്കലാപ്പിലാണ്.