ഷൊർണൂർ നഗരത്തിലെ അപകടകരമായ കുഴികളടയ്ക്കാൻ 10 ലക്ഷം അനുവദിച്ചു
1600978
Sunday, October 19, 2025 6:48 AM IST
ഷൊർണൂർ: വാരിക്കുഴികളടയ്ക്കാൻ 10 ലക്ഷം. ഷൊർണൂർ നഗരത്തിലെ അപകടകരമായ കുഴികളടക്കാനാണ് പൊതുമരാമത്ത് വകുപ്പ് 10 ലക്ഷം രൂപ അനുവദിച്ചത്. പട്ടണത്തിലെയും നഗരസഭയ്ക്കു മുമ്പിലെയുമുൾപ്പെടെയുള്ള സ്ഥലങ്ങളിലെ കുഴിയടക്കാനാണ് തുക അനുവദിച്ചത്.
ബസ് സ്റ്റാൻഡിന്റെ മുൻവശം, കോ-ഓപ്പറേറ്റീവ് ബാങ്കിനു സമീപം, കോൺവന്റിനു മുൻവശം, നഗരസഭയ്ക്കുസമീപം എന്നിവിടങ്ങളിലാണ് വലിയ കുഴികളുള്ളത്. 10 ലക്ഷം രൂപയുടെ പ്രവൃത്തികളുടെ ദർഘാസ് ക്ഷണിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എൻജിനീയർ അറിയിച്ചു.
പി. മമ്മിക്കുട്ടി എംഎൽഎയുടെ നിർദേശപ്രകാരമാണ് 10 ലക്ഷം രൂപകൂടി അനുവദിച്ചത്. കുളപ്പുള്ളി മുതൽ കുളഞ്ചീരിക്കുളംവരെയുള്ള പ്രദേശങ്ങളിലെ കുഴിയടക്കാൻ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ പട്ടണത്തിലെ കുഴിയടച്ചിരുന്നില്ല.
വലിയ കുഴികളാണിവിടെയുള്ളത്. കുളപ്പുള്ളിമുതൽ ഷൊർണൂർ ടൗൺചുറ്റി റെയിൽവേ സ്റ്റേഷനുമുൻമ്പിലൂടെ എസ്എംപി കവലയിലെത്തുന്ന പാതയുടെ പണി കരാറുകാരൻ ഉപേക്ഷിച്ചതോടെ താത്കാലിക അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ട്. പാതിവഴിയിലായ പണി പുനരാരംഭിക്കാനുള്ള നടപടികളും പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
നിലവിലെ കരാറുകാർക്ക് തന്നെ പ്രവൃത്തികൾ നൽകാൻ മാത്രമാണ് നിലവിലെ വ്യവസ്ഥ. കരാർപ്രകാരമുള്ള വ്യവസ്ഥകൾ ലംഘിച്ചാൽ നിയമനടപടിയെടുക്കുകയും അവരുടെ ചെലവിലും ഉത്തരവാദിത്വത്തിലും പണി പൂർത്തിയാക്കണമെന്നുമാണു നിബന്ധന.
ഇതനുസരിച്ചുള്ള നടപടികളും ആരംഭിക്കുകയാണ്. പട്ടാമ്പി ഐപിടിവരെയുള്ള പാതയുടെ പണി കുളപ്പുള്ളിവരെയാക്കി നീട്ടിയതിനാൽ കുളപ്പുള്ളി ടൗൺമുതൽ കണയംറോഡ് ജംഗ്ഷൻവരെയുള്ള പാതയുടെ പണി ഷൊർണൂരിലെ കരാറുകാരനിൽനിന്ന് ഒഴിവാക്കും. ഇതോടെ പഴയ കരാറുകാർക്ക് പണി ഏറ്റെടുക്കാനാവുമോ എന്നും പരിശോധിക്കുന്നുണ്ട് . നഗരത്തിൽ അപകടകരമായി തീർന്ന കുഴികളടക്കണമെന്ന് വ്യാപകമായി ആവശ്യമുയുർന്നിരുന്നു.