പണിതിട്ടും പണിതിട്ടും പണിതീരാതെ വെള്ളപ്പനയിലെ ലൈഫ്മിഷൻ ഫ്ലാറ്റ്
1601138
Monday, October 20, 2025 1:10 AM IST
തത്തമംഗലം: വെള്ളപ്പനയിൽ ലൈഫ്മിഷൻ ഫ്ലാറ്റ് നിർമാണം പൂർണതയിലെത്താൻ ഇനിയും വൈകും. വീടുകൾ ലഭിക്കാൻ അർഹതപ്പെട്ടവർ നിരാശയിൽ.
ഏറെ വിവാദങ്ങൾക്കൊടുവിൽ നാലുവർഷം മുന്പാണ് നിർമാണം തുടങ്ങിയത്. സമയോചിതമായി ബിൽ പാസായില്ലെന്നു കാരണംപറഞ്ഞ് ആദ്യം നിർമാണ കരാറെടുത്ത ഏജൻസി ഒഴിഞ്ഞു. പിന്നീട് നിർമാണച്ചുമതല ഏറ്റെടുത്ത അടുത്ത കരാറുരൻ ഫ്ലാറ്റ് നിർമാണം അന്തിമഘട്ടത്തിലെത്തിച്ചെങ്കിലും ഇനിയും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല .
ഈ സ്ഥലത്ത് താമസിച്ചിരുന്ന പത്തോളം കുടുംബങ്ങളെകുടി ഒഴിപ്പിച്ച് ഫ്ലാറ്റുകൾ ലഭിക്കുമെന്ന് വാഗ്ദാനം നൽകിയാണ് ഫ്ലാറ്റ് നിർമാണം രണ്ടു മന്ത്രിമാരെ ഉൾപ്പെടുത്തി ആഡംബര ഉദ്ഘാടനം നടത്തിയത്.
കുടിയൊഴിപ്പിക്കപ്പെട്ടവർ വാസസ്ഥലമില്ലാതെ വാടകവീടുകളിൽ അഭയം തേടിയിരിക്കുകയാണ്. ഗുണഭോക്താക്കളിൽ മൂന്നുപേർ ഇതിനകം മരണപ്പെട്ടു. ഫ്ലാറ്റിൽ 41 കുടുംബങ്ങൾക്ക് വീടുകൾ, അങ്കണവാടി ഉൾപ്പെടെയുണ്ടാവുമെന്നാണ് ലൈഫ്മിഷൻ അധികൃതരുടെ വാഗ്ദാനം. ഇനിയും എത്രകാലം കാത്തിരിക്കണമെന്നതാണ് കുടികൊഴിപ്പിക്കപ്പെട്ടവരുടെ ആശങ്ക.