അക്ഷയ കേന്ദ്രങ്ങളിൽ ജനം വലയുന്നു
1601139
Monday, October 20, 2025 1:10 AM IST
വടക്കഞ്ചേരി: രേഖകൾ സംഘടിപ്പിക്കാൻ അക്ഷയകേന്ദ്രങ്ങൾ കയറിയിറങ്ങി ജനങ്ങൾ വലയുന്നു.
ബന്ധപ്പെട്ട വകുപ്പ് ഓഫീസുകളെല്ലാം നോക്കുകുത്തിയാകുംവിധമാണ് നടപടിക്രമങ്ങളെല്ലാം. എന്തിനും ഏതിനും ഇപ്പോൾ അക്ഷയകേന്ദ്രത്തിൽ പോകണം.
സർക്കാർ നടപടികൾ കൂടുതൽ സുതാര്യമാക്കി എന്ന് അവകാശപ്പെടുമ്പോഴാണ് ജനത്തിന് ദുരിതം മാത്രമാകുന്നത്. അപേക്ഷ നൽകിയാൽ പഞ്ചായത്ത് ഓഫീസിൽ നിന്നോ വില്ലേജ് ഓഫീസിൽനിന്നോ അപ്പോൾതന്നെ അനുവദിക്കാവുന്ന സർട്ടിഫിക്കറ്റുകൾക്കാണ് ജനങ്ങളെ ഇത്തരത്തിൽ വട്ടംകറങ്ങുന്നത്.
ജോലികളഞ്ഞ് ദിവസംമുഴുവൻ പണം നഷ്ടവുമായി എന്തെങ്കിലും സർട്ടിഫിക്കറ്റ് തരപ്പെടുത്താൻ അക്ഷയ കേന്ദ്രത്തിൽ കാത്തുനിൽക്കേണ്ട ഗതികേടിലാണ് ജനങ്ങൾ.
അഴിമതി ഇല്ലാതാക്കാനും കൈക്കൂലിക്കാരെ ഒഴിവാക്കാനുമാണ് ഓഫീസുകൾ സ്മാർട്ടാകുന്നതെന്ന് പറയുമ്പോൾ തങ്ങൾക്കുണ്ടാകുന്ന കഷ്ടപ്പാടുകൾ ആരും കാണുന്നില്ലെന്നാണ് അക്ഷയകേന്ദ്രങ്ങളിലെത്തുന്നവർ പറയുന്നത്.
അക്ഷയകേന്ദ്രത്തിൽ പോയി രേഖകൾ അപ്ലോഡ് ചെയ്യുന്നതിൽ തെറ്റു വന്നാൽ പിന്നേയും എല്ലാം ആവർത്തിക്കണം. പ്ലസ് ടു കഴിഞ്ഞ് തുടർപഠനത്തിന് ഫീസാനുകൂല്യത്തിനും സ്കോളർഷിപ്പുകൾക്കുമെല്ലാം രേഖകൾ സംഘടിപ്പിക്കാൻ രക്ഷിതാക്കൾക്കും കുട്ടികൾക്കുമുണ്ടാകുന്ന കഷ്ടപ്പാടുകളും ചെറുതല്ല.
പട്ടിയെ വളർത്താനും പെടാപ്പാട്
വീടിനു ചുറ്റും സിസി ടിവി കാമറ സ്ഥാപിക്കാൻ പണമില്ലാത്തവർ മോഷ്ടാക്കളിൽനിന്നുള്ള സുരക്ഷയ്ക്കായി വീട്ടിൽ ഒരു നാടൻപട്ടിയെ വളർത്താമെന്നുവച്ചാൽ അതും ഇപ്പോൾ എളുപ്പമുള്ള കാര്യമല്ല. പട്ടിയെ വളർത്തുന്നതിനുള്ള ലൈസൻസിനായി അക്ഷയകേന്ദ്രത്തിൽ പോയി ലൈസൻസിന് അപേക്ഷിക്കണം. നേരത്തേ ഇതു പഞ്ചായത്തിൽനിന്ന് നേരിട്ടു നൽകിയിരുന്നതാണ്. ഇപ്പോൾ അതുമാറി. അക്ഷയകേന്ദ്രത്തിൽ പോകണം.
പട്ടിയുടെ വയസ്, നിറം, തിരിച്ചറിയാനുള്ള അടയാളം, പട്ടിയുടെ പേര്, ആണോ പെണ്ണോ, പട്ടിയുടെ ഫോട്ടോ, വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ് തുടങ്ങി സകലമാന വിവരങ്ങളും പട്ടിയെ വളർത്തുന്നതിനുള്ള ലൈസൻസിനായി നൽകണം. കെ- സ്മാർട്ടിന്റെ ഭാഗമായിട്ടാണത്രെ ഇതെല്ലാം.
പേവിഷബധക്കെതിരെ പട്ടികൾക്കുള്ള കുത്തിവയ്പ്പ് സർക്കാർ വെറ്ററിനറി ആശുപത്രികളിൽ സൗജന്യമാണെന്ന് കരുതിയാലും തെറ്റി. ഇൻജക്്ഷൻ മരുന്ന് ഉൾപ്പെടെ എല്ലാം ആശുപത്രിക്കടുത്തുള്ള മെഡിക്കൽ ഷോപ്പുകളിൽ നിന്നും വാങ്ങണം. എല്ലാം വാങ്ങിക്കൊണ്ട് ചെന്നാൽ ഇൻജക്്ഷൻ ചെയ്തുതരും. ഈ സേവനം മാത്രമേ സൗജന്യമുള്ളു.വാഹനം വിളിച്ച് പട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതു മുതൽക്കുള്ള ചെലവുകളും ഭാരിച്ചതാണ്. ഇതൊക്കെ ചെയ്ത് ഒരു വർഷത്തേക്കുള്ള ലൈസൻസ് മാത്രമാണ് കിട്ടുക. അതുകഴിഞ്ഞാൽ വീണ്ടും ഈ പണികളെല്ലാം ആവർത്തിക്കണം.