മണ്ണാർക്കാട് എയ്ഡഡ് സ്കൂൾ എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കെട്ടിടോദ്ഘാടനം ഇന്ന്
1601143
Monday, October 20, 2025 1:10 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് എയ്ഡഡ് സ്കൂൾ എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം 20ന് സഹകരണമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്കുശേഷം മൂന്നിനു നടക്കുന്ന ചടങ്ങിൽ മണ്ണാർക്കാട് എംഎൽഎ അഡ്വ.എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. സ്ട്രോംഗ് റൂമിന്റെ ഉദ്ഘാടനം കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരി നിർവഹിക്കും. 1990 ൽ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെയും അധ്യാപകരുടെയും സഹകരണ സംഘമായി മണ്ണാർക്കാട് പ്രവർത്തനമാരംഭിച്ച സൊസൈറ്റി 1995 മുതൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചുവരികയാണെന്നു ഭാരവാഹികൾ പറഞ്ഞു.
മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിലായി 58 വിദ്യാലയങ്ങളിൽ നിന്നായി 800 ലധികം എയ്ഡഡ് സ്കൂൾ ജീവനക്കാർ സംഘത്തിൽ അംഗങ്ങളാണ്. നിരവധി തവണ താലൂക്കിലെ ഏറ്റവും മികച്ച എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള സർക്കിൾ സഹകരണ യൂണിയന്റെ അംഗീകാരവും നേടാൻ സംഘത്തിനായിട്ടുണ്ട്.
ജീവനക്കാർക്ക് നൽകുന്ന വായ്പകൾക്കു പുറമേ മറ്റു ഇടപാടുകാർക്ക് സ്വർണപ്പണയമായി വായ്പ സൗകര്യം സംഘത്തിൽ ലഭ്യമാണ്. മണ്ണാർക്കാട് പോലീസ് സ്റ്റേഷന്റെ എതിർവശത്തുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിലേക്കാണ് സൊസൈറ്റി പ്രവർത്തനം മാറ്റുന്നത്. ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സഹകരണ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. മുൻകാല സംഘംപ്രസിഡന്റുമാരെ ചടങ്ങിൽ ആദരിക്കും.