ജിഐഎസ് മാപ്പിംഗ് പൂർത്തിയാക്കി തൃക്കടീരി പഞ്ചായത്ത്
1601146
Monday, October 20, 2025 1:10 AM IST
പട്ടാന്പി: തൃക്കടീരി ഗ്രാമ പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി നടത്തിയ ജിഐഎസ് മാപ്പിംഗ് പൂർത്തീകരിച്ചു. ഇതോടെ ജില്ലയിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ ജിഐഎസ് മാപ്പിംഗ് പൂർത്തീകരിച്ച ആദ്യ ഗ്രാമപഞ്ചായത്തായി തൃക്കടീരി മാറി. ജിഐഎസ് മാപ്പിംഗിലൂടെ ലഭിച്ച വിവരങ്ങൾ ലഭ്യമാവുന്ന വെബ്പോർട്ടലും ഗ്രാമപഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.
ഈ വെബ് പോർട്ടൽവഴി കെട്ടിടങ്ങൾ, റോഡുകൾ, തണ്ണീർത്തടങ്ങൾ, തരിശുഭൂമികൾ, ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ മുഴുവൻ വസ്തുക്കളുടെയും വിവരങ്ങൾ ചിത്രങ്ങൾ ഉൾപ്പടെ വെബ്പോർട്ടലിൽ ലഭിക്കും. ഡ്രോണ്‍ സർവേ, ഡിജിപിഎസ് സർവേ, ജിപിഎസ് സർവേ, പ്രത്യേക മൊബൈൽ ആപ്പിന്റെ സഹായത്തോടെയുള്ള കെട്ടിട സർവേ തുടങ്ങിയ വിവിധ സർവേകളിലൂടെ ഗ്രാമപഞ്ചായത്തിന്റെ മുഴുവൻ വിവരങ്ങളും ലഭിക്കും. കൂടാതെ വിവിധ കാലഘട്ടങ്ങളിലെ ഭൂവിനിയോഗ വിവരങ്ങൾ, വിവിധ ആസൂത്രണ സംബന്ധിയായ വിവരങ്ങൾ, യൂട്ടിലിറ്റി നെറ്റ്വർക്കുകൾ എന്നിവയെല്ലാം വെബ്പോർട്ടലിൽ ലഭ്യമാണ്.