വടക്കഞ്ചേരി മംഗലംപാലത്തിനടുത്തുള്ള ബൈപാസ് ജംഗ്ഷൻ വീണ്ടും തകർന്നു
1602034
Thursday, October 23, 2025 1:06 AM IST
വടക്കഞ്ചേരി: ആറുവരി ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിൽ നടക്കുന്ന കുത്തിപ്പൊളിക്കൽ പോലെയാണ് മംഗലംപാലത്തിനടുത്ത് ബൈപാസ് ജംഗ്ഷനിലെ പൊതുമരാമത്ത് വകുപ്പിന്റെ ഓട്ടയടയ്ക്കൽ. ഇവിടെ എത്ര തവണ ഓട്ടയടച്ചു എന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഫയലുകളിൽ പോലും കണക്കുണ്ടാകില്ല.
അത്രയേറെ തവണ ഇവിടെ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. രണ്ട് മാസം മുമ്പ് ഇവിടെ പാച്ച് വർക്ക് നടത്തിയതായിരുന്നു. വകുപ്പിന്റെ കണക്കിൽ നല്ല രീതിയിലാണ് അറ്റകുറ്റപ്പണി നടത്തിയത്. പതിവുപോലെ എൻജിനീയർമാർ ചുറ്റും നിന്നാണ് കുഴിയടക്കൽ ചടങ്ങുകൾ നടത്തിയത്. എന്നാൽ അതും ഇപ്പോൾ പൂർണമായും തകർന്നു. വലിയ കുഴികളായി. വാഹനങ്ങൾ ഇറങ്ങി കയറിപോകാൻ സമയമെടുക്കുന്നതിനാൽ വാഹനക്കുരുക്കും പതിവായി.
ഇതിനുമുമ്പും ഈ മഴക്കാലത്തുതന്നെ പലതവണ ഇവിടെ കുഴിയടക്കൽ നടത്തിയിരുന്നു. ഒന്നിനും നിലനിൽപ്പില്ല. വേനൽമാസങ്ങളിൽ ഇവിടെ കോൺക്രീറ്റ് ചെയ്യും. തൊട്ടുപിന്നാലെ ടാറിംഗ് നടത്തും. പിന്നേയും കോൺക്രീറ്റിംഗ് അങ്ങനെ മാറിമാറി നടക്കും. രണ്ട് വർഷം മുമ്പ് വാഹനങ്ങളെല്ലാം തിരിച്ചുവിട്ടാണ് പത്തുമീറ്റർ ചുറ്റളവിൽ കാൽ കോടിയുടെ കോൺക്രീറ്റിംഗ് നടത്തിയത്. ഈ കോൺക്രീറ്റിന്റെ ശേഷിപ്പുകളും പൊളിഞ്ഞ് കുഴികളായ ടാറിംഗിനുള്ളിൽ കാണാം.
വടക്കഞ്ചേരിയിലെ മേൽപ്പാലം തുറന്നുകൊടുത്ത് മൂന്നുവർഷത്തിനിടെ മുപ്പതിലേറെ തവണ പാലം കുത്തിപ്പൊളിച്ച് റിപ്പയർ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇപ്പോഴും കുത്തിപ്പൊളിക്കൽ പണികൾ ഇടയ്ക്ക് നടക്കുന്നുണ്ട്.