ആദ്യഘട്ടം അഞ്ചു കിലോമീറ്റർ ടാറിംഗ് നടത്താൻ തീരുമാനം
1601845
Wednesday, October 22, 2025 6:36 AM IST
അലനല്ലൂർ: ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ ആദ്യ റീച്ചിലെ അഞ്ച് കിലോമീറ്റർ ദൂരത്തിൽ ഡിസംബറിൽ ടാറിംഗ് പൂർത്തിയാക്കാൻ എൻ. ഷംസുദീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
കോട്ടോപ്പാടം മുതൽ അലനല്ലൂർ വരെയുള്ള ഭാഗത്താണ് ഒന്നാംഘട്ട ടാറിംഗ് നടത്തുക. ഇതിനായി കോട്ടോപ്പാടം, ഭീമനാട്, കാട്ടുകുളം ഭാഗത്ത് ഉപരിതല പ്രവൃത്തികൾ നടന്നുവരികയാണ്. കാലാവസ്ഥ അനുകൂലമായാൽ കോട്ടോപ്പാടം മുതൽ ഭീമനാട് വരെ രണ്ട് കിലോമീറ്റർ ദൂരത്തിൽ ഈ മാസം അവസാനത്തോടെ ടാറിംഗ് നടത്തുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു.
കാഞ്ഞിരംപാറ മുതൽ കുമരംപുത്തൂർ വരെയുള്ള 18.1 കിലോമീറ്ററിൽ മെയ് 31 നകം ടാറിംഗ് പൂർത്തിയാക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. ഇത്രയും ദൂരത്തിൽ 20 ബസ്ബേ നിർമിക്കും. കോട്ടോപ്പാടം, ആര്യമ്പാവ് റോഡ് ജംഗ്ഷൻ, കല്യാണക്കാപ്പ്, മേലെ അരിയൂർ, ഭീമനാട്, പാലക്കാഴി, ഉണ്ണ്യാൽ, ആലുങ്ങൽ, കാഞ്ഞിരംപാറ എന്നിവിടങ്ങളിൽ റോഡിന്റെ ഇരുവശത്തുമായാണ് ബസ്ബേകൾ നിർമിക്കുക. കൂടുതൽ സ്ഥലങ്ങളിൽ ബസ്ബേ വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വ്യാപാരസ്ഥാപനങ്ങളുടെ മുമ്പിൽ റോഡ് പണി നടത്തുമ്പോൾ നാലുദിവസം മുന്പെങ്കിലും അറിയിപ്പ് നൽകണമെന്നും ആവശ്യമുയർന്നു. കോട്ടോപ്പാടം, അലനല്ലൂർ, ഉണ്ണ്യാൽ തുടങ്ങിയ സ്ഥലങ്ങളിൽ ഭൂമി അളന്നു തിട്ടപ്പെടുത്തി നൽകുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് റവന്യൂവകുപ്പ് അറിയിച്ചു.
ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ പൂന്തോട്ടം, വിശ്രമകേന്ദ്രം, ഓപ്പൺ ജിം എന്നിവ ഒരുക്കണമെന്ന നിർദേശവുമുയർന്നു. ഗ്രാമീണ റോഡുകളിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിൽ പ്രവൃത്തി നടക്കുമ്പോൾ തന്നെ റോഡുകൾ തമ്മിൽ ശാസ്ത്രീയമായി യോജിപ്പിക്കണം.
ജലനിധി പോലെയുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ തകരാറിലായാൽ അടിയന്തരമായി തന്നെ പുന:സ്ഥാപിക്കാൻ നടപടിയുണ്ടാവണം. പ്രവർത്തി നടക്കുന്ന ഭാഗത്ത് വീടുകളിലേക്ക് വാഹനങ്ങൾ പോകുന്നതിന് സൗകര്യമൊരുക്കുക, കാഞ്ഞിരംപാറ പൊതുക്കുളത്ത് റോഡ് നിലവിലുള്ള നിരപ്പിൽ നിന്നും ഉയർത്തി ചെയ്യുക, കൾവർട്ട് നിർമിക്കുക, ഭീമനാട് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് റോഡ് നവീകരിക്കുന്നതോടെ ഉചിതമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉയർന്നു.