അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ അപകടങ്ങൾ ഒഴിയുന്നില്ല; രണ്ടു യുവാക്കളുടെ ജീവൻകൂടി നഷ്ടപ്പെട്ടു
1601841
Wednesday, October 22, 2025 6:36 AM IST
വടക്കഞ്ചേരി: 2022 ഒക്ടോബർ അഞ്ചിന് പാതിരാത്രിയോടടുത്ത് അഞ്ച് വിദ്യാർഥികളടക്കമുള്ള ഒമ്പതു പേരെ നിത്യതയിലേക്ക് കൂട്ടികൊണ്ടുപോയ ദേശീയപാത വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ തിങ്കളാഴ്ച രാത്രിയും രണ്ട് യുവാക്കളുടെ ജീവൻ പൊലിഞ്ഞു. ദേശീയപാതക്കടുത്ത് തെക്കെത്തറ പാഞ്ഞാംപറമ്പ് ഷിബു (28), കൂട്ടുകാരനും പല്ലാവൂർ ചെമ്മണംകാട് സ്വദേശിയുമായ കിഷോർ (28) എന്നിവരാണ് കാറിടിച്ച് (ഥാർ) മരിച്ചത്.
വീട്ടിലേക്ക് പോകാൻ ദേശീയപാത തൃശൂർ ലൈൻ മുറിച്ചു കടക്കുന്നതിനിടെ പാലക്കാട് ഭാഗത്തുനിന്നും വന്ന കാർ ഇരുവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാക്കളെ രക്ഷിക്കാനായില്ല. 2022 ഒക്ടോബർ അഞ്ചിന് അർധരാത്രി എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ നിന്നും കുട്ടികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയിരുന്ന ടൂറിസ്റ്റ് ബസ് അതേദിശയിൽ പോയിരുന്ന കെഎസ്ആർടിസി ബസിനു പിറകിൽ ഇടിച്ചായിരുന്നു അന്ന് ദുരന്തം സംഭവിച്ചത്.
ടൂറിസ്റ്റ് ബസിലെ അധ്യാപകനും അഞ്ചു വിദ്യാർഥികളും കെഎസ്ആർടിസി ബസിലെ മൂന്ന് യാത്രക്കാരുമാണ് അന്നത്തെ അപകടത്തിൽ മരിച്ചത്. കൊട്ടാരക്കരയിൽ നിന്നും പാലക്കാട് ലൈനിലൂടെ കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് ബസിന്റെ പിറകിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ച് പാതയോരത്തെ മാലിന്യ കൂമ്പാരത്തിലേക്ക് മറിഞ്ഞത്. അപകടത്തിൽ അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു അന്നത്തെ കണ്ടെത്തൽ. റോഡിലെ വളവും ചാറ്റൽ മഴയും വെളിച്ച കുറവും കെഎസ്ആർടിസി ബസിന്റെ വേഗതകുറവുമെല്ലാം അപകടത്തിന് കാരണമായതായി കണ്ടെത്തുകയുണ്ടായി.
കേരളത്തിലെയാകെ ഞെട്ടിച്ച വൻ ദുരന്തം മൂന്ന് വർഷം പിന്നീടുമ്പോഴും കൊല്ലത്തറയിൽ അപകടമരണങ്ങൾ തുടരുകയാണ്. മൂന്ന് വർഷത്തിനിടെ നിരവധി വാഹനാപകട മരണങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്.
ഒക്ടോബർ മാസമാകുമ്പോൾ മരണനിരക്ക് കൂടുന്നതും പ്രദേശത്തുക്കാർക്ക് പേടി കൂടുകയാണ്. സുരക്ഷാ പരിശോധനകളെല്ലാം പേരിനുമാത്രമായി ചുരുങ്ങുന്നതാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.
ദേശീയപാതയുടെ ഇരുഭാഗത്തും തിങ്ങിനിറഞ്ഞ് വീടുകളുള്ള സ്ഥലങ്ങളാണ്. ആളുകൾക്ക് യാത്രചെയ്യാനും മറ്റു ആവശ്യങ്ങൾക്കുമെല്ലാം ദേശീയപാത മുറിച്ചുകടക്കണം.
എന്നാൽ ഈ ഭാഗത്ത് മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. ദേശീയപാതയിൽ സർവീസ് ബസുകൾക്ക് നിർത്തുന്നതിന് ബസ് ബേ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ബസുകൾ യാത്രക്കാരെ ഇറക്കാനും കയറ്റാനും നിർത്തുന്നത് ദേശീയപാതയിൽ തന്നെയാണ്. ഇതിനാൽ പിറകിൽ നിന്നും വേഗതയിൽ വരുന്ന വാഹനങ്ങളുടെ കൂട്ടിയിടിക്ക് ഇത് വഴിവക്കുകയാണ്.