കർഷകന്റെ ആത്മഹത്യ: അട്ടപ്പാടി താലൂക്ക് ഓഫീസ് ഉപരോധിച്ചു
1601848
Wednesday, October 22, 2025 6:37 AM IST
അഗളി: തണ്ടപ്പേര് ലഭിക്കാത്തതിനെ തുടർന്ന് കാവുണ്ടിക്കൽ സ്വദേശിയായ കർഷകൻ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് കോണ്ഗ്രസ്, ബിജെപി പ്രവർത്തകർ അട്ടപ്പാടി താലൂക്ക് ഓഫീസ് ഉപരോധിച്ചു. കാവുണ്ടിക്കൽ സ്വദേശി കൃഷ്ണസ്വാമിയാണ് റവന്യു വകുപ്പിന്റെ ധാർഷ്ട്യത്തിന് ഇരയായി ആത്മഹത്യ ചെയ്തത്. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ 9.30ഓടെ സ്ഥലത്തെത്തിയ കോണ്ഗ്രസ് പ്രവർത്തകർ താലൂക്ക് ഓഫീസിന്റെ രണ്ട് ഗേറ്റും ഉപരോധിച്ചു.
അട്ടപ്പാടിയിൽ നിരവധി പേർ റവന്യൂ വകുപ്പിന്റെ ധാർഷ്ട്യത്തിന്റെ ഇരകളായി മാറിക്കഴിഞ്ഞതായി നാട്ടുകാർ പറയുന്നു. ഉദ്യോഗസ്ഥർ പ്രമാണികളെ പോലെയാണ് പെരുമാറുന്നത്. എല്ലാ പ്രമാണങ്ങളും ഉള്ള പതിറ്റാണ്ടുകളായി കൈവശമുള്ള ഭൂമിയിൽ അന്യർക്ക് തണ്ടപ്പേര് നൽകുന്നത് നോക്കിനിൽക്കേണ്ട അവസ്ഥയാണ് നാട്ടുകാർക്കുള്ളത്.
വില്ലേജിന്റെയും താലൂക്കിന്റെയും അനാസ്ഥ മൂലം ഒറ്റ ദിവസം കൊണ്ട് ഭൂഉടമകൾ ഭൂരഹിതരാകുന്ന വിചിത്രമായ ഭരണമാണ് റവന്യൂ വകുപ്പിൽ നടക്കുന്നത്. നിരവധിപേർ ആത്മഹത്യയുടെ വക്കിലാണ്.
റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥരാജിനെതിരെയാണ് കോണ്ഗ്രസ് സമരം എന്നും മരണപ്പെട്ട കൃഷ്ണസ്വാമിയുടെ കുടുംബത്തിനും പ്രദേശവാസികൾക്കും നീതി കിട്ടുംവരെ സമരം തുടരുമെന്നും ഉപരോധസമരം ഉദ്ഘാടനം ചെയ്ത ഷിബു സിറിയക്ക് മുന്നറിയിപ്പ് നൽകി.
കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എം. ഹനീഫ അധ്യക്ഷനായിരുന്നു. തുടർന്ന് സബ് കളക്ടറുമായി നടത്തിയ ചർച്ചയിൽ സമരക്കാർ ഉന്നയിച്ച വിഷയങ്ങളിൽ ജില്ലാ കളക്ടറുമായി ആലോചിച്ച് പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളെ തുടർന്ന് കൃഷ്ണസ്വാമിയുടെ വീട്ടിലെത്തി സബ് കളക്ടറും തഹസിൽദാരും ഭൂരേഖ തഹസിൽദാരും പ്രമാണങ്ങൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി.
വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയും സമരക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സമാനകേസുകൾ സ്പെഷൽ പാക്കേജ് ആയി പരിഗണിച്ചുകൊണ്ട് രണ്ടാഴ്ചയ്ക്കകം മറ്റുള്ളവർക്കും ആവശ്യമായ രേഖകൾ നൽകാമെന്നും അധികൃതർ ഉറപ്പ് നൽകി.
അതോടൊപ്പം തന്നെ അഗളി വില്ലേജ് വിഭജിക്കുന്നതിനായുള്ള പ്രൊപ്പോസൽ സർക്കാരിലേക്ക് സമർപ്പിക്കാം എന്നും സമരക്കാരെ അറിയിച്ചു. സബ് കളക്ടർ ഇക്കാര്യങ്ങളിൽ ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
കെപിസിസി അംഗം പി.സി. ബേബി, ഡിസിസി അംഗം എം.ആർ. സത്യൻ, നേതാക്കളായ എസ്. അല്ലൻ, എൻ.കെ. രഘൂത്തമൻ, സെന്തിൽ കുമാർ, ജോബി കുരീക്കാട്ടിൽ, എം. കനകരാജ്, ചെല്ലൻ മൂപ്പൻ, കെ.ടി. ബെന്നി, എം.സി. ഗാന്ധി, വിശ്വനാഥൻ കോട്ടത്തറ, കെ.എൻ. സുകുമാരൻ, യു.എ. മത്തായി, എം.എം.തോമസ്, തങ്കച്ചൻ കട്ടേക്കാട്, സന്തോഷ് ആനക്കട്ടി, സുബ്രഹ്മണ്യൻ ആനക്കട്ടി, ശ്രീജിത്ത് കുമാർ, പി.പി. മുഹമ്മദ്, എ.കെ. സതീഷ്, വി. കനകരാജ്, ചന്ദ്രൻ ചീരക്കടവ്, രംഗൻ അബ്ബന്നൂർ, രാജേന്ദ്രൻ ആനക്കല്ല്, നാരായണൻ അബ്ബന്നൂർ എന്നിവർ പങ്കെടുത്തു.