മീനാക്ഷിപുരം ബസ് സ്റ്റാൻഡ് പുനർനിർമാണം പൂർത്തിയായില്ല; യാത്രക്കാർ ദുരിതത്തിൽ
1225787
Thursday, September 29, 2022 12:25 AM IST
ചിറ്റൂർ : മീനാക്ഷിപുരം ബസ് സ്റ്റാൻഡ് പുനർനിർമാണം നീളുന്നതിൽ യാത്ര ക്കാരുടെ പ്രതിഷേധം ശക്തം. 30 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ കോണ്‍ഗ്രീറ്റ് ഭാഗങ്ങൾ ഇളകി വീണു കൊണ്ടിരിക്കുകയാണ്. കെട്ടിടത്തിൽ വിള്ളലുകളും കാണപ്പെടുന്നുണ്ട്. ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ വാടകമുറികളിൽ വ്യാപാരം നടത്തുന്നവർ ആശങ്കയിലാണ് കഴിയുന്നത്. ബസ് യാത്രയ്ക്ക് വരുന്നവരുടെ കാര്യം ഇതിലും പരിതാപകരമാണ്. വെയിലത്ത് മരച്ചുവട്ടിലും മഴ സമയത്ത് വ്യാപാര സ്ഥാപനങ്ങളുടെ സണ്ഷെയ്ഡുകളുടെ താഴെ യുമാണ് യാത്രക്കാരുടെ ബസ് കാത്തുനിലിപ്പ്.
സ്റ്റാൻഡിനകത്തെ ശുചിമുറിയും പ്രവർത്തനരഹിതമാണ്. പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുമായി മുപ്പതോളം ബസുകൾ സ്റ്റാൻഡിലെത്തുന്നുണ്ട്. ഇതു കൂടാതെ തമിഴ് സർക്കാരിന്റെ ടൗണ്‍ ബസുകളം സ്റ്റാൻഡിൽ എത്തുന്നുണ്ട്. സ്റ്റാൻഡിലെത്തുന്ന ബസുകൾ സണ്‍ ഷെയ്ഡ് ഇല്ലാത്തതിനാൽ യാത്രക്കാരെ ഇറക്കിയശേഷം പ്രധാന പാതയ്ക്കരികിലെ മരത്തണലിലാണ് പാർക്ക് ചെയ്യുന്നത്.
ബസ് പുറപ്പെടുന്ന സമയത്താണ് സ്റ്റാൻഡിൽ തിരിച്ചെത്തി യാത്രക്കാരെ കയറ്റുന്നത്. ബസ് സ്റ്റാൻഡ് പുനർനിർമ്മാണത്തിനായി കെട്ടിടത്തിൽ വാടക മുറികളിൽ വ്യാപാരം ചെയ്യുന്നവർക്ക് ഒഴിഞ്ഞു പോവാൻ നോട്ടീസ് നല്കി മാസങ്ങളായെങ്കിലും തുടർനടപടികൾ ഇല്ലാതെ ഇഴയുന്നതായും ആരോപണവുമുണ്ട്. തമിഴ്നാട് അതിർത്തി പങ്കിടുന്ന സ്ഥലത്താണ് സ്റ്റാൻഡ്
നിലകൊള്ളുന്നത്. പൊള്ളാച്ചി, കോയന്പത്തൂർ, ഉടുമലപ്പേട്ട ഉർപ്പെടെ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് മീനാക്ഷിപുരം സ്റ്റാൻഡിലെത്തി തമിഴ്നാട് ബസുകളിൽ കയറാൻ ഈ സ്റ്റാൻഡ് സൗകര്യപ്രഥമാവുന്നുണ്ട്. ബസ് സ്റ്റാൻഡ് പൊളിച്ച് നവീകരിക്കണമെങ്കിൽ പത്തു മാസത്തിൽ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ നിഗമനം.