ഗോമതി- കരിമ്പാറ റോഡിൽ അറ്റകുറ്റപ്പണി തുടങ്ങി
1591671
Monday, September 15, 2025 1:10 AM IST
നെന്മാറ: മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിൽനിന്നും കരിമ്പാറവരെ നീളുന്ന ഗോമതി- കരിമ്പാറ പൊതുമരാമത്ത് റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്തിൽ നിന്നും റോഡ് ഏറ്റെടുത്തതിനു ശേഷം ആറു വർഷത്തിനു ശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.
പൂർണമായും റോഡ് ഉപരിതലം പുതുക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം നിലനിൽക്കവേയാണ് താത്കാലികമായി അറ്റകുറ്റപ്പണി മാത്രം നടത്തുന്നത്. പോത്തുണ്ടി കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഈ റോഡിൽ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും വിതരണ കുഴലുകളും സംഭരണിയിലേക്കുള്ള കുഴലുകളും സ്ഥാപിച്ചതോടെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും റോഡ് തകർന്നു കിടക്കുകയായിരുന്നു.
രണ്ടുവർഷം മുമ്പ് പൈപ്പുകൾ സ്ഥാപിച്ച ചില പ്രദേശങ്ങൾ മാത്രം ഭാഗികമായി അറ്റകുറ്റപ്പണി നടത്തിയെങ്കിലും പൂർണമായ തോതിൽ ഗതാഗതയോഗ്യമാക്കിയിരുന്നില്ല. പഞ്ചായത്തിൽ നിന്നും പൊതുമരാമത്തിന് കൈമാറിയതോടെ പതിനൊന്നര കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷയിലായിരുന്നു പ്രദേശവാസികൾ. എന്നാൽ വർഷങ്ങൾ കഴിഞ്ഞും അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഈ റോഡ് തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു.