പുരസ്കാരനിറവിൽ വടക്കഞ്ചേരിയിലെ മുളങ്കൂട്ടത്തുരുത്തുകൾ
1591433
Sunday, September 14, 2025 1:15 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: നവകേരളം പദ്ധതിയിൽ ഹരിതകേരള മിഷൻ ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച ഒന്നും രണ്ടും പുരസ്കാരം നേടിയ മുളങ്കൂട്ടത്തുരുത്തുകൾ വടക്കഞ്ചേരി പഞ്ചായത്തിൽ.
ടൗണിനടുത്ത് പഴയ ശ്രീരാമ തീയറ്ററിനു സമീപമുള്ള രണ്ടേക്കറിലേറെ വിസ്തൃതി വരുന്ന പുതുകുളത്തിന്റെ കരഭാഗത്ത് 40 സെന്റ് സ്ഥലത്തെ മുളങ്കൂട്ട തുരുത്തിനാണ് ഒന്നാംസ്ഥാനം.
മംഗലം പാലത്തിനടുത്ത് മംഗലം പുഴയോരത്ത് ഒന്നര ഏക്കർ സ്ഥലത്തെ മുളങ്കൂട്ടത്തുരുത്ത് രണ്ടാംസ്ഥാനവും നേടി. കാടുമൂടി ആളുകൾ മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന പ്രദേശങ്ങൾ ഇന്നിപ്പോൾ പല നിറങ്ങളിലുള്ള മുളകളുടെ കൗതുക പ്രദേശങ്ങളായി മാറി.
സായാഹ്ന സവാരിക്കും സായാഹ്ന തെന്നലേൽക്കാനുമെല്ലാം പ്രായമായവർ ഉൾപ്പെടെ ഇപ്പോൾ ഈ പ്രദേശങ്ങളിലെത്തുന്നുണ്ട്. സാമൂഹ്യ വിരുദ്ധരുടെയും മദ്യപസംഘങ്ങളുടെയും കടന്നുകയറ്റം ഇല്ലാതാക്കാനുള്ള കർശന നടപടികളോടെയാണ് തുരുത്തുകളുടെ പരിപാലനം നടക്കുന്നത്.
2019 ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അനിത പോൾസനും വാർഡുകളുടെ മുൻ മെംബർമാരുമായിരുന്ന പ്രസാദും വിശ്വനാഥനും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് മുളങ്കൂട്ടതുരുത്ത് എന്ന ആശയത്തിൽ പുതുകുളത്തും മംഗലം പുഴയോരത്തും പുതു ആശയം നടപ്പിലാക്കിയത്.
പുതുകുളത്ത് 140 മഞ്ഞ മുളകൾ നട്ടത് ഇപ്പോൾ അത് 3500 മുളകളായി വളർന്ന് വലിയമുളങ്കാടായി മാറി. കുളവും വശങ്ങൾ കെട്ടി സംരക്ഷിച്ചതോടെ സമീപവാസികൾക്കും അനുഗ്രഹമായി. മംഗലം പാലത്തിനടുത്ത് മുളങ്കൂട്ടതുരുത്തിൽ 200 തൈ നട്ടത് ഇപ്പോൾ മൂവായിരത്തിലധികമായതായി.
തുരുത്തുകളുടെ പരിപാലകനായ ഹരിത കേരള മിഷൻ കിഴക്കഞ്ചേരി ഡിവിഷൻ റിസോഴ്സ് പേഴ്സനും ജൈവവൈവിധ്യ പരിപാലന സമിതി കൺവീനറുമായ കെ.എം. രാജു പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹരിതകേരള മിഷനും വടക്കഞ്ചേരി പഞ്ചായത്തും തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത പരിശ്രമമാണ് പുരസ്കാര നിറവിനു പിന്നിൽ.
ഹരിത കേരള മിഷൻ സംസ്ഥാന റിസോഴ്സ് പേഴ്സനും വടക്കഞ്ചേരി സ്വദേശിയുമായ ഡോ. പ്രഫ. കെ. വാസുദേവൻ പിള്ള, ജില്ലാ കോഡിനേറ്റർ വൈ. കല്യാണ കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും എംഎൽഎയുമായ അഡ്വ.കെ. ശാന്തകുമാരി, പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ.ശ്രീകല, രശ്മിഷാജി, നവകേരള മിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ പി.എ. മീരാൻ സാഹിബ് എന്നിവരുടെ മേൽനോട്ടവും താത്പര്യവുമാണ് വടക്കഞ്ചേരി അംഗീകാരത്തിന്റെ നിറവറിഞ്ഞത്. ഈ മാസം 16ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കും.