കഞ്ചാവ് മൊത്തവില്പനക്കാരൻ അറസ്റ്റിൽ
1590679
Thursday, September 11, 2025 1:29 AM IST
വടക്കഞ്ചേരി: അയൽസംസ്ഥാനങ്ങളിൽനിന്നും കഞ്ചാവ് എത്തിച്ച് മൊത്തവില്പന നടത്തുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. നെന്മാറ പടപ്പാടത്ത് വീട്ടിൽ ഗോപകുമാറാണ്(52) അറസ്റ്റിലായത്. ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും ചരക്ക് കടത്തുന്നതിനൊപ്പം കഞ്ചാവും എത്തിക്കുകയാണ് ഇയാളുടെ രീതിയെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞമാസം എട്ടിനു കിഴക്കഞ്ചേരി നൈനാങ്കാട് വാടകവീട്ടിൽനിന്നും പതിമൂന്നര കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗോപകുമാർ വലയിലായത്. വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചതിന് അന്ന് കിഴക്കഞ്ചേരി സ്വദേശി സുന്ദരൻ എന്നയാൾ പിടിയിലായിരുന്നു. കഞ്ചാവ് സൂക്ഷിക്കാൻ ഏൽപ്പിച്ച സുന്ദരന്റെ ബന്ധുവും അണക്കപ്പാറ സ്വദേശിനിയുമായ സ്വപ്നയെയും പിടികൂടിയിരുന്നു.
ഇവർ രണ്ടുപേരും ഇപ്പോൾ റിമാൻഡിലാണ്. സ്വപ്നയ്ക്കു സ്ഥിരം കഞ്ചാവ് എത്തിക്കുന്നതും ഗോപകുമാറാണെന്നു പോലീസ് പറഞ്ഞു. അയൽസംസ്ഥാനങ്ങളിൽനിന്നും ഇയാളുടെ ലോറിയിൽ കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് വടക്കഞ്ചേരി, ആലത്തൂർ, മുടപ്പല്ലൂർ, മംഗലംഡാം, നെന്മാറ എന്നീ മേഖലകളിൽ വില്പനക്കാർക്ക് എത്തിച്ചുകൊടുക്കും.
ഇയാളെ പിടികൂടിയതോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇയാൾ കഞ്ചാവ് കൈമാറുന്നവരെപ്പറ്റിയും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഡിവൈഎസ്പിമാരായ മുരളീധരൻ, അബ്ദുൾ മുനീർ, ഗോപകുമാർ, വടക്കഞ്ചേരി സിഐ കെ.പി. ബെന്നി എന്നിവരുടെ നേതൃത്വത്തിൽ വടക്കഞ്ചേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ഗോപകുമാറിനെ പിടികൂടിയത്.