ടൗൺഹാൾ നിർമാണം വൈകുന്നതിനുപിന്നിൽ നിക്ഷിപ്ത താത്പര്യമെന്ന് എൻസിപി-എസ്
1590427
Wednesday, September 10, 2025 1:46 AM IST
പാലക്കാട്: മുൻസിപ്പൽ ടൗൺഹാളും മിനി ടൗൺഹാളും പൊളിച്ച് എട്ടുവർഷമായിട്ടും നിർമാണം പൂർത്തീകരിക്കാത്തതിനു പിന്നിൽ നഗരസഭാ ഭരണനേതൃത്വവും ചില സ്വകാര്യ ഓഡിറ്റോറിയം ഉടമകളുമായി ചേർന്നുള്ള നിക്ഷിപ്ത താത്പര്യങ്ങളാണെന്നു നഗരസഭ മുൻ ചെയർമാൻ എ. രാമസ്വാമി ആരോപിച്ചു.
വിജിലൻസ് അന്വേഷണം നടത്തുമെന്നു നഗരസഭ നേതൃത്വം പ്രഖ്യാപിച്ചെങ്കിലും ഇപ്പോൾ മൗനം പാലിക്കുകയാണെന്നും നഗരത്തിലെ വൻകിട സ്ഥാപനങ്ങളിൽ ഇത്തരത്തിൽ നടത്തിയ നികുതി വെട്ടിപ്പുകളെകുറിച്ച് സമഗ്രഅന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
പാലക്കാട് നഗരസഭ ഭരണത്തിനെതിരേ എൻസിപി- എസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് കബീർ വെണ്ണക്കര അധ്യക്ഷത വഹിച്ചു. ഷെനിൻ മന്ദിരാട്, സൈഫുദ്ദീൻ കിച്ചലു, നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ഉണ്ണികൃഷ്ണൻ, ജില്ലാ ഭാരവാഹികളായ റെജി ഉള്ളിരിക്കൽ, കെ.എസ്. രാജഗോപാൽ, ആർ. ബാലസുബ്രഹ്മണ്യൻ, എസ്.ജെ.എൻ. നജീബ് പ്രസംഗിച്ചു.