റിസോർട്ട് ഉടമയെ പിടികൂടിയില്ലെങ്കിൽ സമരമെന്നു നാട്ടുകാർ
1590429
Wednesday, September 10, 2025 1:46 AM IST
മുതലമട: ഊരുകുളം സ്വകാര്യ റിസോർട്ടിൽ ആദിവാസിയെ മുറിയിൽ തടവിലാക്കി മർദിച്ച സംഭവത്തിൽ ഒളിവിലായ പ്രതിയെ പിടികൂടാൻ പോലീസ് നടപടി ശക്തമാക്കണമെന്നു നാട്ടുകാർ. ഊരുകുളം പ്രഭു (21) ആണ് ഒളിവിൽ കഴിയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ അമ്മ റിമാൻഡിൽ കഴിയുകയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21 നാണ് മുതലമട കറുപ്പൻ മകൻ വെള്ളയനെ (51) നാട്ടുകാർ സംഘടിച്ചെത്തി പോലീസിന്റെ സഹായത്തിൽ മുറിപൊളിച്ച് രക്ഷപ്പെടുത്തിയത്. അഞ്ചു ദിവസം ഭക്ഷണം നൽകാതെ ഇയാളെ മർദ്ദിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
സംഭവത്തിലെ പ്രധാന പ്രതിക്കെതിരെ പോലീസ് ആദിവാസി സംരക്ഷണ നിയമങ്ങൾ ഉൾപ്പെടുത്തി കേസെടുത്തിരുന്നു. എന്നാൽ സംഭവത്തിനു ശേഷം മൂന്നാഴ്ച കഴിഞ്ഞിട്ടും പ്രഭുവിനെ പിടികൂടാൻ കഴിയാത്തതിൽ പൊതുജനപ്രതിഷേധം ശക്തമാണ്.
പത്തുദിവസം മുൻപ് സമാന ആവശ്യമുന്നയിച്ച് കാമ്പ്രത്ത്ച്ചള്ളയിൽനടന്ന പ്രതിഷേധ മാർച്ചിലും പൊതുയോഗത്തിലും വൻജനപങ്കാളിത്തമാണുണ്ടായിരുന്നത്. പ്രതിയെ പിടികൂടുന്നതിൽ കാലതാമസമുണ്ടായാൽ ശക്തമായ സമരങ്ങളുമായി രംഗത്തുവരുമെന്ന് മുൻപഞ്ചായത്ത് പ്രസിഡന്റ് പി. കൽപ്പനാദേവി, മുൻ വൈസ് പ്രസിഡന്റ് എം. താജുദീൻ, ആദിവാസി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് മാരിയപ്പൻ നീളിപ്പാറ എന്നിവർ മുന്നറിയിപ്പു നൽകി.
ഇതേ റിസോർട്ടിൽ പണി ചെയ്യുന്ന മറ്റൊരു തൊഴിലാളിയായ തിരുനാവുക്കരശ് വിഷയം പൊതുജനത്തിനു കൈമാറിയതാണ് വെള്ളയ്യൻ രക്ഷപ്പെടാൻ സഹായമായത്.
പ്രഭുവിൽനിന്നും ആക്രമണമുണ്ടാവുമെന്ന ഭയത്തിൽ തിരുനാവുക്കരശു ഇപ്പോൾ നാട്ടുകാരുടെ സംരക്ഷണത്തിലാണ് കഴിയുന്നത്.