പുതുവൃന്ദാവനമാകാൻ മലന്പുഴ ഉദ്യാനം
1591164
Saturday, September 13, 2025 1:28 AM IST
മലമ്പുഴ: പുതുമോടിക്കായി മലന്പുഴ ഉദ്യാനം ഒരുങ്ങുന്നു. കഴിഞ്ഞദിവസം അടച്ചിട്ട ഉദ്യാനം മാസങ്ങൾക്കുശേഷം തുറക്കുന്പോൾ അക്ഷരാർഥത്തിൽ കേരളത്തിന്റെ ഉദ്യാനറാണിയെന്ന പദവി അന്വർഥമാക്കുമെന്നാണ് അധികൃതർ പറയുന്നത്.
കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 75.87 കോടി രൂപ ചെലവിൽ നവീകരണ പ്രവൃത്തികൾ നടത്തുന്നതിനായിട്ടാണ് മലമ്പുഴ ഉദ്യാനം വ്യാഴാഴ്ച മുതൽ അടച്ചിട്ടത്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഉദ്യാനം അടച്ചിടും. ജലസേചന വകുപ്പിന്റെ സംയുക്ത സഹകരണത്തോടെയാണ് സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. മലമ്പുഴയുടെ പ്രകൃതിഭംഗിക്ക് കോട്ടംതട്ടാതെ സന്ദർശകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലായിരിക്കും ഉദ്യാനം നവീകരിക്കുക. പദ്ധതിയുടെ ഭാഗമായി വാട്ടർ തീം പാർക്കുകൾ, വാട്ടർ ഫൗണ്ടനുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം റൈഡുകൾ, പുതിയ വിനോദ കേന്ദ്രങ്ങൾ, ഓർക്കിഡ് പുഷ്പങ്ങൾക്കായി ഓർക്കിഡ് പാർക്കുകൾ എന്നിവയും സജ്ജമാക്കുന്നുണ്ട്.
നിലവിലുള്ള ഉദ്യാനത്തിന്റെ രൂപകല്പനയിൽ മാറ്റംവരുത്തി ഉദ്യാനത്തിനകത്ത് സന്ദർശകർക്കായി നടപ്പാതകളും വിശ്രമകേന്ദ്രങ്ങളും ഒരുക്കുന്നുണ്ട്.
പരിസ്ഥിതിസൗഹൃദ മാലിന്യ സംസ്കരണവും ഭിന്നശേഷിക്കാർക്ക് സുഗമസഞ്ചാരത്തിനായുള്ള പ്രത്യേകം റാമ്പുകളും നിർമിക്കും.
മാന്പഴത്തോട്ടങ്ങളും പരന്പരാഗത കലാരൂപങ്ങൾ അവതരിപ്പിക്കാൻ ഉദ്യാനത്തിനകത്ത് പ്രത്യേക വേദികളും ഒരുക്കും.