അങ്കണവാടി കുട്ടികൾക്കു മുട്ടബിരിയാണി; ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം നടത്തി
1590677
Thursday, September 11, 2025 1:29 AM IST
പാലക്കാട്: അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ പരിഷ്കരിച്ച പുതിയ മെനുവിന്റെ ഭാഗമായി കുട്ടികൾക്ക് മുട്ട ബിരിയാണി നൽകി ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം നിർവഹിച്ചു. അകത്തേത്തറ കോരത്തൊടി അങ്കണവാടിയിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
10 പ്രീസ്കൂൾ കുട്ടികളാണ് അങ്കണവാടിയിൽ ഉള്ളത്. പ്രാതലിൽ പാൽ, പിടി, കൊഴുക്കട്ട, ഇലയട, ന്യൂട്രി ലഡ്ഡു, കടല മിട്ടായി, റാഗി എന്നിങ്ങനെയുള്ള വിഭവങ്ങൾ ഉൾപ്പെടുന്നു. ഉച്ചഭക്ഷണത്തിന് ചോറ്, ചെറുപയർ, ഇലക്കറി, ഉപ്പേരി, തോരൻ, മുട്ട ബിരിയാണി, മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, പയർ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി സോയ/കടല, മുളപ്പിച്ച പയർ, അവിയൽ, വെജിറ്റബിൾ പുലാവ് എന്നിങ്ങനെയുള്ള വിഭവങ്ങൾ ഓരോ ദിവസങ്ങളിലായി നൽകും. ധാന്യം, പരിപ്പ് പായസം, റാഗി അട, ഇഡലി-സാന്പാർ, പുട്ട്-ഗ്രീൻപീസ്, അവൽ-ശർക്കരപഴം മിക്സ്, ഗോതന്പ് നുറുക്ക്, ധാന്യപായസം എന്നിങ്ങനെയുള്ളവ പൊതുഭക്ഷണത്തിൽ ഉൾപ്പെടുന്നു. ഐസിഡിഎസ് സൂപ്പർവൈസർ ഹസീന അധ്യക്ഷയായി. അങ്കണവാടി വർക്കർ ഗിരിജ, രക്ഷിതാക്കൾ, എഎൽഎസി കമ്മിറ്റിഅംഗങ്ങൾ പങ്കെടുത്തു.