എലിപ്പനി: പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ആരോഗ്യവകുപ്പ്
1590912
Friday, September 12, 2025 1:03 AM IST
പാലക്കാട്: ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ എലിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
ജില്ലയില്‍ എലിപ്പനി മരണങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സ്വയം ചികിത്സ ഒഴിവാക്കണം. മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിച്ച് നാടൻ ചികിത്സകൾ ചെയ്യുന്നത് അപകടകരമാണ്.
മണ്ണിലോ വെള്ളത്തിലോ സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ ഡോക്ടറെ അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിർദേശിച്ചു. എലി, കന്നുകാലികൾ, നായ, പൂച്ച, പന്നി തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് എലിപ്പനി.
മലിനജലത്തിലൂടെയോ ചെളിയിലൂടെയോ ഇവ മനുഷ്യശരീരത്തിലെ മുറിവുകളിലൂടെയോ നേർത്ത തൊലിയിലൂടെയോ പ്രവേശിക്കാം. കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിലെ മൃദുലമായ ചർമ്മത്തിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്.
നിലവിൽ വയലുകളിൽ പണിയെടുക്കുന്നവർ, കനാലുകളും കുളങ്ങളും വൃത്തിയാക്കുന്നവർ എന്നിവരിലാണ് സാധാരണയായി എലിപ്പനി കണ്ടുവരുന്നത്. എന്നാൽ, ഇപ്പോൾ വിദ്യാർഥികൾ, ക്ഷീര കർഷകർ, ലോട്ടറി വില്പനക്കാർ, ഡ്രൈവർമാർ, പെയിന്റിംഗ് തൊഴിലാളികൾ, വീട്ടമ്മമാർ എന്നിവരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മരിച്ചവരിൽ ഭൂരിഭാഗവും 40 വയസിനു മുകളിലുള്ളവരും ജീവിതശൈലി രോഗങ്ങളുള്ളവരുമാണ്. മദ്യപാന ശീലമുള്ളവരിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്.
ക്ഷീണത്തോടെയുള്ള പനി, തലവേദന, പേശി വേദന, കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കണം. ചികിത്സ വൈകിയാൽ കരൾ, വൃക്ക, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച് മരണം സംഭവിക്കാം.
ജില്ലയിൽ എലിപ്പനി ബാധിച്ച് മരിച്ചവരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങൾ കണ്ടപ്പോൾ സ്വയംചികിത്സ തേടിയവരാണെന്നും അധികൃതർ അറിയിച്ചു.
എലിപ്പനി പ്രതിരോധിക്കാൻ ചില മുൻകരുതലുകൾ എടുക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും മലിനമായ ഇടങ്ങളിലും ഗംബൂട്ടുകളും ഗ്ലൗസും ധരിക്കാതെ ഇറങ്ങരുത്. കുട്ടികളെ ചെളിയിൽ കളിക്കാൻ അനുവദിക്കരുത്. കാർഷിക, ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഗംബൂട്ടുകളും കൈയ്യുറകളും നിർബന്ധമായും ധരിക്കുക.
മുറിവുകളുള്ളവർ മുറിവ് ഉണങ്ങുന്നതുവരെ ഇത്തരം ജോലികളിൽ നിന്ന് വിട്ടുനിൽക്കുക. ജോലിക്ക് പോകുമ്പോൾ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശമനുസരിച്ച് ഡോക്സിസൈക്ലിൻ ഗുളികകൾ കഴിക്കുന്നത് രോഗം തടയാൻ സഹായിക്കും. മരിച്ചവരിൽ ഭൂരിഭാഗവും ഈ ഗുളികകൾ കഴിക്കാത്തവരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.