നൊച്ചൂർപാതയിൽ സിഗ്നൽലൈറ്റുകൾ അണഞ്ഞിട്ട് മാസങ്ങൾ
1590681
Thursday, September 11, 2025 1:29 AM IST
കൊടുവായൂർ: നൊച്ചൂർ അപകടപാതയിലെ വാഹനവേഗത നിയന്ത്രിക്കാൻ സ്ഥാപിച്ച സിഗ്നൽലൈറ്റ് പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യം. മാസങ്ങളായി ലൈറ്റ് അണഞ്ഞുകിടക്കുകയാണ്. എസ് ആകൃതിയിലുള്ള കൊടുംവളവിൽ എതിർവശത്ത് വരുന്ന വാഹനങ്ങൾ മുഖാമുഖമെത്തുമ്പോൾ മാത്രമാണ് അപകടാവസ്ഥ തിരിച്ചറിയിരുന്നത്.
കാളവണ്ടിയിൽ കാറിടിച്ച് മൂന്ന്പേർ മരണപ്പെട്ടതുൾപ്പെടെ പത്തിൽ കൂടുതൽ പേരുടെ ജീവൻ ഇവിടെ നിരത്തിൽ പൊലിഞ്ഞിട്ടുണ്ട്. മൂന്ന് വർഷം മുൻപാണ് താത്കാലിക പരിഹാരമെന്ന നിലയിൽ സ്ഥലപരിചയമില്ലാത്തവർക്ക് അപകടാവസ്ഥ മുന്നറിയിപ്പ് നൽകാൻ സിഗ്നൽലൈറ്റുകൾ സ്ഥാപിച്ചത്. ഇതിനുശേഷം അപകടങ്ങൾ കുറയുകയും ചെയ്തു. സിഗ്നൽലൈറ്റ് പ്രവർത്തനരഹിതമായതോടെ വാഹനങ്ങളുടെ വേഗത വീണ്ടും കൂടി. വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങൾ സംഭവിക്കുമ്പോഴാണ് പരിഹാര നടപടികളുമായി അധികൃതർ രംഗത്തെത്തുന്നത്.