വിധവയും രണ്ടു പെൺമക്കളുമുള്ള കുടുംബത്തിന് വീടൊരുക്കി വാട്സാപ്പ് കൂട്ടായ്മ
1591157
Saturday, September 13, 2025 1:28 AM IST
വടക്കഞ്ചേരി: നിരാശ്രയരായ കുടുംബത്തിന് സുരക്ഷിതമായ വീടൊരുക്കി വാട്സാപ്പ് കൂട്ടായ്മ. കിഴക്കഞ്ചേരി വക്കാലയിലെ ഓമന ശിവരാമൻ, ഇവരുടെ പതിമൂന്നും പതിനഞ്ചും വയസുള്ള പെൺമക്കളായ അപർണക്കും അനുപമയ്ക്കുമാണ് കാഴ്ച എന്ന വാട്സാപ്പ് കൂട്ടായ്മ താങ്ങായത്. വീടിന്റെ താക്കോൽദാനവും ഗൃഹപ്രവേശനവും നാളെ വൈകുന്നേരം മൂന്നിന് നടക്കുമെന്ന് കൂട്ടായ്മ പ്രവർത്തകർ അറിയിച്ചു. ഏതാനും മാസം മുമ്പാണ് ഇവരുടെ അച്ഛൻ ശിവരാമൻ പനി ബാധിച്ച് മരിച്ചത്.
റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്ന അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. നിത്യചെലവുകൾക്ക് വഴിയില്ലാതായി. പ്രായപൂർത്തിയായി വരുന്ന രണ്ട് പെൺമക്കൾ, അവരുടെ പഠനം, വീടില്ലാത്ത സാഹചര്യം, സഹായത്തിന് അടുത്ത ബന്ധുക്കളോ വീട്ടുകാരോ ഇല്ലാത്ത സ്ഥിതി. എല്ലാം ആലോചിച്ച് അമ്മ ഓമനയും ഏറെ വിഷമത്തിലായിരുന്നു. ടാർപോളിൻ കൊണ്ട് മൂടിയ കുടിലിലാണ് ഏറെ വർഷങ്ങളായി കുടുംബം കഴിയുന്നത്. മൺതറയും സുരക്ഷിതമല്ലാത്ത ഷെഡുമായതിനാൽ മഴക്കാലങ്ങളെല്ലാം കടന്നുപോകാൻ ഇവർ ഏറെ പ്രയാസപ്പെട്ടു.
ഇതിനിടെയാണ് കുടുംബത്തിന്റെ ദൈന്യസ്ഥിതി കൂട്ടായ്മ പ്രവർത്തകർ അറിഞ്ഞത്. 450 അംഗങ്ങളുള്ള വാട്സ്ആപ്പ് കൂട്ടായ്മ കുടുംബത്തിന് സുരക്ഷിതമായ വീട് ഒരുക്കാനുള്ള പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങി. വീട് നിർമാണ സാധനങ്ങൾ സ്പോൺസർ ചെയ്തും മറ്റു സഹായങ്ങളുമായി പ്രദേശത്തെ പലരും മനുഷ്യത്വപ്രവൃത്തിക്ക് പ്രോത്സാഹനം നൽകി. കൂട്ടായ്മയിലെ കെ. കൃഷ്ണൻകുട്ടിയും കെ.ജെ. പൗലോസും ബൈജുവുമെല്ലാം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതോടെ കുറഞ്ഞ സമയത്തിനുള്ളിൽ കുടുംബത്തിന്റെ സ്വപ്നഭവനം യാഥാർഥ്യമായി. സുരക്ഷിതമായി കഴിയാൻ വീടായതിന്റെ സന്തോഷത്തിലാണ് അമ്മ ഓമനയ്ക്കൊപ്പം വിദ്യാർഥികളായ അപർണയും അനൂപമയുമിപ്പോൾ. ക്ലാസിലെ അടുത്ത കൂട്ടുകാരികളോടൊക്കെ പുതിയ വീട് ഒരുങ്ങുന്ന കാര്യം ഇവർ പറഞ്ഞിട്ടുണ്ട്. ഗൃഹപ്രവേശനത്തിന് അവരും എത്തും. വരുന്നവരെയൊക്കെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
വാട്സ്ആപ്പ് കൂട്ടായ്മയിലെ പകുതിയിലേറെ പേരും കുടുംബത്തിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുക്കുമെന്ന് കെ. കൃഷ്ണൻകുട്ടി പറഞ്ഞു.കൂടായ്മയിൽ എല്ലാ വിഭാഗം ആളുകളുമുണ്ട്. വിവിധ രാഷ്ടീയ പാർട്ടിക്കാരും സർക്കാർ ജീവനക്കാർ ഉൾപ്പെടെ വിവിധ തൊഴിൽ മേഖലയിലുള്ളവരുമുണ്ട്. ഇതിനാൽ തന്നെ താക്കോൽദാനത്തിന് വിഐപികളെയൊന്നും പ്രത്യേകം ക്ഷണിച്ചിട്ടില്ല. കൂട്ടായ്മയിലെ പ്രവർത്തകർ തന്നെയാകും ഉദ്ഘാടകർ.