അപകടങ്ങൾ ഒഴിവാക്കാൻ വടക്കഞ്ചേരി ടൗണിൽ ട്രാഫിക് ഐലൻഡ് സ്ഥാപിക്കണം
1590924
Friday, September 12, 2025 1:03 AM IST
വടക്കഞ്ചേരി: വാഹനത്തിരക്കേറിയ ടൗൺ റോഡിലെ പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് ഐലൻഡോ ബാരിക്കേഡുകളോ സ്ഥാപിച്ച് വാഹനങ്ങളുടെ ദിശ നിയന്ത്രിച്ചുവിടണമെന്ന ആവശ്യം ശക്തം. മെയിൻ റോഡിൽ മന്ദം, സുനിതമുക്ക് എന്നീ രണ്ട് ജംഗ്ഷനുകളിലാണ് ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനങ്ങൾ തിരിച്ചുവിടേണ്ട ആവശ്യകത കൂടുതലുള്ളത്.
ഇവിടെ പലഭാഗത്തേക്കായി വഴികൾ തിരിഞ്ഞുപോകുന്നതിനാൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന സ്ഥിതിയാണിപ്പോൾ. ട്രാഫിക് സിഗ്നലുകൾ തെറ്റിച്ച് വലതുവശം ചേർന്നാണ് പല വാഹനങ്ങളും ചെറിയ വഴികളിലേക്ക് തിരിയുന്നത്. ഇതുമൂലം അപകടങ്ങളും നിത്യസംഭവമാണെന്ന്സമീപത്തെ വ്യാപാരികൾ പറയുന്നു. ബുധനാഴ്ച രാത്രിയാണ് സുനിത ജംഗ്ഷനടുത്ത് പിക്കപ്പും ബുള്ളറ്റും കൂട്ടിയിടിച്ച് ബാങ്ക് മാനേജരായ യുവാവ് മരിച്ചത്.
ട്രാഫിക് നിയമങ്ങൾ തെറ്റിച്ചുള്ള വാഹനങ്ങളുടെ ഓട്ടത്തിൽ കാൽനടയാത്രക്കാരാണ് ഏറെ കഷ്ടപ്പെടുന്നത്. റോഡിനു കുറുകെകടക്കാൻ പ്രായമായവർ പരസഹായം തേടണം. ബാരിക്കേഡുകളോ ട്രാഫിക് ഐലൻഡോ ഈ ജംഗ്ഷനുകളിൽ സ്ഥാപിച്ചാൽ വാഹനങ്ങൾ ഏതു വഴി തിരിയും എന്നൊക്കെ കണ്ട് കാൽനടയാത്രക്കാർക്കു കടന്നുപോകാനും സൗകര്യപ്രദമാകും. മന്ദം ജംഗ്ഷനിൽനിന്നു ഗ്രാമം റോഡിലേക്കുള്ള വഴി വൺവേ ആക്കിയിട്ടുണ്ടെങ്കിലും ഇതു തിരിച്ചറിയാനുള്ള ബോർഡുകളോ മറ്റു സംവിധാനങ്ങളോ ഇവിടെയില്ല. ഇതിനാൽ ടൗൺ അറിയാത്തവർ രണ്ടു ദിശയിലേക്കും വാഹനങ്ങൾ ഓടിച്ചുപോകും. മെയിൻ റോഡിലെ അനധികൃത കച്ചവടങ്ങളും വാഹന പാർക്കിംഗ് തുടരുന്നതും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.