അന്പതിന പരിപാടികളുമായി ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ
1591163
Saturday, September 13, 2025 1:28 AM IST
മണ്ണാർക്കാട്: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർസെക്കൻഡറി സ്കൂൾ സുവർണ ജൂബിലിയുടെ ഭാഗമായി ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം ഗണിത ശാസ്ത്രാധ്യാപകൻ പി. ഗിരീഷിനെ തേടിയെത്തിയത് ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടുമെന്നും ഇവർ പറഞ്ഞു.
മൂന്നാം തവണയാണ് മികച്ച അധ്യാപക പുരസ്കാരം വിദ്യാലയത്തിന് ലഭിക്കുന്നത്. മുൻ പ്രധാനാധ്യാപകരായ പി.എൻ. മോഹനൻ, കെ. ഹസ്സൻ എന്നിവർ സംസ്ഥാന അധ്യാപക അവാർഡ് കരസ്ഥമാക്കിയിരുന്നു. സുവർണ ജൂബിലി ബ്ലോക്കിന്റെ നിർമാണം പുരോഗമിക്കുകയാണ്. സെമിനാർ ഹാൾ, ലൈബ്രറി, സ്റ്റാഫ് റൂം, സ്കൂൾ ഗ്രൗണ്ട്, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾക്ക് പ്രത്യേക ബ്ലോക്ക് എന്നിവയുടെ നിർമാണം പൂർത്തിയായി.
വിദ്യാഭ്യാസ, സാമൂഹ്യ പിന്നോക്കാവസ്ഥ അനുഭവിച്ചിരുന്ന കോട്ടോപ്പാടം മേഖലയിലെ വിദ്യാർഥികൾക്ക് പ്രൈമറി സ്കൂൾ പഠനത്തിനുശേഷം ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ അകലെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കേണ്ട ദുരവസ്ഥക്ക് പരിഹാരമായാണ് സാമൂഹ്യപ്രവർത്തകനായിരുന്ന കല്ലടി അബ്ദുഹാജി 1976 ൽ കോട്ടോപ്പാടം ഹൈസ്കൂൾ സ്ഥാപിച്ചത്.
1979 ൽ യുപി വിഭാഗവും 2002 മുതൽ ഹയർ സെക്കൻഡറി വിഭാഗവും അനുവദിച്ചു.
അഞ്ചുമുതൽ 12 വരെ ക്ലാസുകളിലായി രണ്ടായിരത്തിലധികം വിദ്യാർഥികളും നൂറിലേറെ അധ്യാപകരും ജീവനക്കാരുമാണ് വിദ്യാലയത്തിലുളളത്.
ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി സുവർണ ജൂബിലി ലോഗോ പ്രകാശനം, വിളംബര റാലി, രക്തദാന ക്യാമ്പ്, മീഡിയ സെമിനാർ, പൂർവ അധ്യാപക, വിദ്യാർഥി സംഗമം, ആരോഗ്യ സെമിനാർ, മെഡിക്കൽ ക്യാമ്പ്, വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക പ്രദർശനം, ജില്ലാതല കലാ,കായിക മത്സരങ്ങൾ, ഇന്റർ സ്കൂൾ ക്വിസ്, ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി വിനോദയാത്ര, രക്ഷാകർതൃ സംഗമം, വർണോത്സവം, പ്രകൃതി പഠന ക്യാമ്പ്, നോ ടു ഡ്രഗ്സ് കാമ്പയിൻ, ട്രാഫിക്, സൈബർ സുരക്ഷാ ബോധവൽകരണ പരിപാടികൾ, വിദ്യാഭ്യാസ സാംസ്കാരിക സെമിനാറുകൾ, ഫോട്ടോഗ്രാഫി, റീൽസ് മത്സരങ്ങൾ, വൃക്ഷതൈ നടൽ, സ്നേഹാദരം, ഗുരുവന്ദനം, ഫിലിം ഫെസ്റ്റ്, സീനിയർ സിറ്റിസൺസ് മീറ്റ്, എഴുത്തുകൂട്ടം സാഹിത്യ ശിൽപശാല, സർഗോത്സവം, സ്മരണിക പ്രകാശനം, ഭക്ഷ്യമേള, തൊഴിൽ പരിശീലന ശില്പശാലകൾ, കാർഷിക മേള, ഗോൾഡൻ ജൂബിലി കെട്ടിട സമർപ്പണവുംസമാപന സമ്മേളനവുമുൾപ്പെടെ 50 പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
സ്കൂൾ മാനേജിംഗ് ട്രസ്റ്റ് ചെയർമാൻ കല്ലടി അബൂബക്കർ, പ്രിൻസിപ്പൽ എം.പി. സാദിഖ്, പ്രധാനാധ്യാപകൻ കെ.എസ്. മനോജ്, പിടിഎ പ്രസിഡന്റ് കെ.ടി. അബ്ദുള്ള, സംഘാടക സമിതി ഓർഗനൈസിംഗ് കൺവീനർ കെ. മൊയ്തുട്ടി, മീഡിയ കമ്മിറ്റി ചെയർമാൻ ഹമീദ് കൊമ്പത്ത്, കൺവീനർ ബാബു ആലായൻ, സി.പി. വിജയൻ, പി. സൈനുൽ ആബിദ്, പി. മനോജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.