ഗ്രന്ഥശാലകള്‍ സമൂഹപുരോഗതിക്കു വഴികാട്ടുന്ന കേന്ദ്രങ്ങളാകണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
1590423
Wednesday, September 10, 2025 1:46 AM IST
ചിറ്റൂർ: ഗ്രന്ഥശാലകള്‍ വെറും പുസ്തകപ്പുരകള്‍ മാത്രമല്ല സമൂഹത്തിന്റെ പുരോഗതിക്ക് വഴികാട്ടുന്ന കേന്ദ്രങ്ങള്‍ കൂടിയായി മാറണമെന്നു മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ വിളയോടി ഗ്രാമീണ ഗ്രന്ഥശാല കമ്യൂണിറ്റി ഹാള്‍ നിര്‍മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ ബൗദ്ധിക വികാസത്തിനും അറിവ് വര്‍ധിപ്പിക്കുന്നതിനും ഗ്രന്ഥശാലകള്‍ക്ക് വലിയ പങ്കുണ്ട്. പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന് നല്‍കാനും ഗ്രന്ഥശാലയ്ക്കു കഴിയണമെന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 72 ലക്ഷം രൂപ ചെലവിലാണ് കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നത്. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കൃഷ്ണകുമാര്‍, പഞ്ചായത്ത് മെംബര്‍ കെ. നാരായണന്‍കുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. സുരേഷ്, വിളയോടി വായനശാല സെക്രട്ടറി ബാലസുബ്രഹ്മണ്യന്, മറ്റു ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.