നെന്മാറ-ഒലിപ്പാറ റോഡ് നിർമാണം; രാത്രിയിൽ യന്ത്രങ്ങൾ കടത്താനുള്ള ശ്രമം തടഞ്ഞു
1591159
Saturday, September 13, 2025 1:28 AM IST
നെന്മാറ: നെന്മാറ- ഒലിപ്പാറ റോഡിലെ നിർമാണ യന്ത്രസാമഗ്രികൾ കടത്താൻ വീണ്ടും ശ്രമം. രണ്ടുമാസത്തിലേറെയായി നിർമാണപ്രവർത്തനം മുടങ്ങിക്കിടക്കുന്നതിനാൽ വിവിധ യന്ത്രങ്ങൾ കൈപ്പഞ്ചേരിയിൽ മറ്റു നിർമാണ വസ്തുക്കളോടൊപ്പം പ്ലാസ്റ്റിക് കവറുകളും ടാർപ്പായയും കെട്ടി പൊതിഞ്ഞുവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി 11 ന് ലോറികൾ എത്തി യന്ത്രസാമഗ്രികൾ കടത്തിക്കൊണ്ടു പോകാൻ കരാറുകാരൻ നടത്തിയ ശ്രമമാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ തടഞ്ഞത്.
രാത്രി 11 ന് ശേഷമായതിനാൽ പ്രദേശവാസികൾ മോഷണശ്രമം ആണെന്ന ധാരണയിലായിരുന്നു. പിന്നീടാണ് കരാറുകാരന്റെ ആൾക്കാരാണ് യന്ത്രങ്ങൾ കടത്തിക്കൊണ്ടുപോകാൻ വന്നതെന്ന് അറിയുന്നത്. ഇതോടെ ആക്ഷൻ കൗൺസിൽ പ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തു. ആക്ഷൻകമ്മിറ്റി ഭാരവാഹികളായ കെ. രഘുകുമാർ, എസ്.എം. ഷാജഹാൻ, എസ്. ഉമ്മർ, റഷീദ് ഒലിപ്പാറ, വി. വിനേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹായത്തോടെ തടഞ്ഞു. നെന്മാറ പോലീസിൽ വിവരം അറിയിച്ചതിന് തുടർന്ന് രാത്രി പോലീസ് സ്ഥലത്തെത്തി യന്ത്രസാമഗ്രികൾ കൊണ്ടുപോകുന്നത് നിർത്തിവച്ചു. ഇന്നലെ പോലീസ് സ്റ്റേഷനിൽ കരാറുകാരന്റെ പ്രതിനിധികളും ആക്ഷൻ കൗൺസിൽ പ്രതിനിധികളും പോലീസ് സാന്നിധ്യത്തിൽ പൊതുമരാമത്ത് ദേശീയപാത അധികൃതരുമായി ചർച്ച നടത്തി.
17ന് പൊതുമരാമത്ത് അധികൃതർ കരാറുകാരന് നോട്ടീസ് നൽകി വിളിച്ചുവരുത്തി പ്രശ്നം ചർച്ച ചെയ്യുമെന്ന് അറിയിച്ചു. കഴിഞ്ഞ ജൂലൈ 30നും കരാറുകാരൻ റോഡുപണിക്ക് കൊണ്ടുവന്ന യന്ത്രസാമഗ്രികൾ ഇടുക്കി ജില്ലയിലെ നിർമാണപ്രവർത്തനത്തിനായി കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു. തുടർന്ന് യന്ത്രസാമഗ്രികൾ മാസങ്ങളായി ടാർപോളിൻ കൊണ്ട് മൂടി പൊതിഞ്ഞുകെട്ടി വച്ചിരിക്കുകയായിരുന്നു.