കുമരംപുത്തൂർ ഒലിപ്പുഴ റോഡിൽ അറ്റകുറ്റപ്പണികൾ തുടങ്ങി
1590424
Wednesday, September 10, 2025 1:46 AM IST
മണ്ണാർക്കാട്: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ കുമരംപുത്തൂർ ഒലിപ്പുഴ റോഡിൽ അറ്റകുറ്റപ്പണികൾ തുടങ്ങി.
ഉപരിതലം പാടെതകർന്ന് ഗതാഗതം ദുഷ്കരമായ റോഡിൽ അറ്റകുറ്റപ്പണി നടത്താത്തതിനെതിരേ കോൺഗ്രസും വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കോൺഗ്രസ് മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റി കുമരംപുത്തൂർ ജംഗ്ഷനിൽ റോഡ് ഉപരോധിക്കൽസമരവും കഴിഞ്ഞദിവസം നടത്തുകയുണ്ടായി.
റോഡ് തകർന്നത് അറ്റകുറ്റപ്പണി നടത്താത്തതിന് ഉത്തരവാദി എംഎൽഎയാണെന്നും കോൺഗ്രസിന്റെ സമരം എംഎൽഎക്കെതിരാണെന്നും എൽഡിഎഫ് ആരോപിച്ചിരുന്നു. എന്നാൽ പൊതുമരാമത്ത് റോഡിന്റെ അറ്റകുറ്റ പണികൾ നടത്താൻ വൈകിയത് മന്ത്രിയുടെ വീഴ്ചയാണെന്ന് യുഡിഎഫും പ്രതികരിച്ചിരുന്നു.
വാദപ്രതിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞദിവസം റോഡിന്റെ ആറ്റകുറ്റപ്പണിക്കായി 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് എൻ. ഷംസുദ്ദീൻ എംഎൽഎ അറിയിച്ചിരുന്നു. ഇന്നലെ കുമരംപുത്തൂർ ജംഗ്ഷനിൽ നിന്നാണ് അറ്റകുറ്റപണി ആരംഭിച്ചത്.
മഴ വിട്ടുനിൽക്കുകയാണെങ്കിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അറ്റകുറ്റപ്പണി തീർക്കാനാവുമെന്ന് കരാറുകാർ അറിയിച്ചു. മഴകാരണമാണ് അറ്റകുറ്റപ്പണികൾ വൈകാൻ കാരണമായതെന്നും കരാറുകാർ പറഞ്ഞു.
മലയോര ഹൈവേയുടെ ഭാഗമായി കുമരംപുത്തൂർ മുതൽ മലപ്പുറം അതിർത്തിയായ ഒലിപ്പുഴ വരെ റോഡിന്റെ നവീകരണ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. രണ്ടു വർഷത്തിനുള്ളിൽ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കാനാണ് നിർദേശം.