മംഗലംഡാമിന്റെ ആയക്കെട്ട് പ്രദേശങ്ങളിൽ വൻകുറവെന്നു കണക്കുകൾ
1590923
Friday, September 12, 2025 1:03 AM IST
വടക്കഞ്ചേരി: നെൽകൃഷി ചെയ്യുന്ന മംഗലംഡാമിന്റെ ആയക്കെട്ട് പ്രദേശങ്ങളിൽ വലിയ കുറവ് വന്നതായി കണക്കുകൾ. 1956 ൽ മംഗലംഡാം കമ്മീഷൻ ചെയ്യുമ്പോഴുള്ള ആയക്കെട്ട് പ്രദേശത്തിന്റെ മൂന്നിലൊരുഭാഗവും ഇപ്പോൾ ഇല്ലാതായെന്നാണ് വിലയിരുത്തൽ.
നെൽപ്പാടങ്ങൾ മണ്ണിട്ടു നികത്തി മറ്റുവിളകൾ നിറഞ്ഞതും അനധികൃത നിലംനികത്തലും കെട്ടിടനിർമാണവുമെല്ലാം ഡാമിലെ വെള്ളം ഉപയോഗിച്ച് നെൽകൃഷി ചെയ്യുന്ന കൃഷിഭൂമിയുടെ വിസ്തൃതിയിൽ ഭീമമായ കുറവുണ്ടാക്കി. അനധികൃത ഭൂ ഉപയോഗംമൂലം കനാൽ വെള്ളം എത്താതെ ഹെക്ടർ കണക്കിന് ഭൂമി തരിശിടുകയും പിന്നീട് അതെല്ലാം പറമ്പുകളും താമസസ്ഥലങ്ങളും കെട്ടിടങ്ങളുമായി മാറുകയായിരുന്നു.
നെൽപ്പാടങ്ങളുടെ വിസ്തൃതി കുറഞ്ഞപ്പോൾ ഡാമിൽ നിന്നുള്ള മെയിൻ കനാലുകൾ പോലും പലയിടത്തും ഉപയോഗശൂന്യമായി. അഞ്ചുമൂർത്തി മംഗലത്ത് ഫയർ സ്റ്റേഷന് പിറകിലായി ഏറെ ദൂരത്തിൽ വലതുകര മെയിൻ കനാലിൽ നിന്നുള്ള സബ് കനാൽ ഉപയോഗശൂന്യമായാണ് കിടക്കുന്നത്. വർഷങ്ങളായി ഈ കനാലിലൂടെ വെള്ളം വിടുന്നില്ല. വെള്ളം വിട്ടാലും വാലറ്റത്ത് കൃഷിഭൂമിയില്ല.
കനാലും കനാൽ പുറംപോക്ക് പ്രദേശങ്ങളും സ്വകാര്യ വ്യക്തികൾ കൈയേറി വില്പന നടത്തുന്നതും തകൃതിയാണ്. കനാല് മൂടി വഴികളും റോഡുകളുമായി. മുമ്പൊക്കെ കനാലിനു കുറുകെ ചെറിയ നടപ്പാതയുണ്ടാക്കണമെങ്കിൽ പല തവണ ഓഫീസുകൾ കയറിയിറങ്ങിയാലെ അനുമതി ലഭിക്കു.എന്നാൽ ഇപ്പോൾ ആർക്കും കനാൽ മൂടി സൗകര്യത്തിന് വഴിയുണ്ടാക്കാമെന്ന സ്ഥിതിയായി. ചില സബ് കനാലുകളുടെ വാലറ്റം എവിടെയാണെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത വിധം കൈയേറ്റങ്ങൾ വ്യാപകമാണ്.
കാടുമൂടി കിടക്കുന്ന ഇത്തരം കനാലുകൾ മാലിന്യ നിക്ഷേപ കേന്ദ്രമായും മാറി. വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നുള്ള റോഡുകൾ പലതും നിർമിച്ചിട്ടുള്ളത് കനാലുകൾ നികത്തിയാണെന്ന് പറയുന്നു. മംഗലംഡാമിൽ നിന്നും ഇടതു, വലതുകര മെയിൻ കനാലുകളുടെ ദൂരം 45 കിലോമീറ്ററോളമാണ്. വലതുകര കനാൽ വണ്ടാഴി, വടക്കഞ്ചേരി, കാവശേരി എന്നീ പഞ്ചായത്തുകൾ കടന്നാണ് പോകുന്നത്. ഇടതുകര കനാൽ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് എന്നീ പഞ്ചായത്തുകളിലൂടെയുമാണുള്ളത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കനാലുകളുടെ മെയിന്റനൻസ് വർക്കുകളും കാടുവെട്ടലും കാര്യക്ഷമമല്ലാത്തതിനാൽ വാലറ്റങ്ങളിലേക്ക് വെള്ളം എത്താതെ നെൽകൃഷി ഒരു പൂ കൃഷിയായി കർഷകർ ചുരുക്കി.
കൂർക്ക, ഇഞ്ചി തുടങ്ങി മറ്റു കൃഷികളിലേക്ക് കർഷകർ മാറി. ഇതുവഴിയും നെൽകൃഷിയിൽ കുറവുവന്നിട്ടുണ്ട്. 73.2 കിലോമീറ്ററായിരുന്ന ഫീൽഡ് കനാലുകളുടെ ദൈർഘ്യത്തിലും കുറവുണ്ടായി. കനാലുകളും ഹെക്ടർ കണക്കിന് വരുന്ന കനാൽ പുറമ്പോക്കുകളും സംരക്ഷിക്കാൻ ബന്ധപ്പെട്ട വകുപ്പുകളും നടപടി സ്വീകരിക്കുന്നില്ല.