ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികനു ജന്മനാടിന്റെ ആദരം
1590420
Wednesday, September 10, 2025 1:46 AM IST
വടക്കഞ്ചേരി: കാശ്മീരിലെ പഹൽഗാമിൽ പാക്കിസ്ഥാന്റെ ഭീകര ആക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ സൈനിക ആക്രമണമായ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത് അവധിക്കു നാട്ടിലെത്തിയ സൈനികൻ പുതുക്കോട് പാട്ടോല സ്വദേശി ഇരുപത്തിരണ്ടുകാരൻ അനിലിന് അഭിനന്ദനങ്ങൾ ചൊരിഞ്ഞ് ജന്മനാട്. തിങ്കളാഴ്ചയാണ് അനിൽ വീട്ടിലെത്തിയത്.
നാട്ടിലെത്തിയതറിഞ്ഞ് നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ച് വീട്ടിലെത്തുന്നത്. ഏപ്രിൽ ഏഴിനുതുടങ്ങി മൂന്നുഘട്ടങ്ങളിലായി നടന്ന സൈനീക നീക്കങ്ങൾ ഏറെ പേടിപ്പെടുത്തിയെങ്കിലും മാസങ്ങൾക്കുശേഷം മകൻ വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് അച്ഛൻ ചെന്താമരയും അമ്മ പുഷ്പയും സഹോദരി പ്രവീണയും ബന്ധുക്കളുമെല്ലാം.
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത മുഴുവൻ സൈനികരെയും ക്യാമ്പിൽ വച്ചുതന്നെ മെഡൽ നൽകി സൈനിക മേധാവികൾ ആദരിച്ചിരുന്നു. പാക്കിസ്ഥാൻ അതിർത്തിയിലേക്ക് ഏഴു കിലോമീറ്റർ മാത്രം ദൂരമുള്ള ലഡാക്കിലെ ക്യാമ്പിലാണ് അനിൽ ജോലി ചെയ്യുന്നത്.
യുദ്ധത്തിൽ പങ്കെടുത്ത സൈനികനെന്ന നിലയിൽ വർഷത്തെ 30 ദിവസത്തെ ലീവിനുപുറമെ 10 ദിവസം കൂടി കൂടുതൽ അനിലിന് ലീവ് അനുവദിച്ചിട്ടുണ്ട്. കർഷക കുടുംബമാണ് അനിലിന്റേത്. അച്ഛൻ ചെന്താമര മികച്ച കർഷകനാണ്. ചിങ്ങം ഒന്നിന് കൃഷിഭവൻ അച്ഛനെ ആദരിച്ചിരുന്നു.
മദ്രാസ് റെജിമെന്റ്സ് സെന്ററിലാണ് അനിൽ ജോലിയിൽ പ്രവേശിച്ചത്.
പിന്നീട് ലഡാക്കിലേക്ക് സ്ഥലംമാറ്റം കിട്ടി. ബിജെപി വടക്കഞ്ചേരി മണ്ഡലം കമ്മിറ്റി ഇന്നലെ അനിലിന് നൽകിയ ആദരം പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് അഡ്വ. ശ്രീരാജ് വള്ളിയോട് ഉപഹാരം നൽകി അനുമോദിച്ചു. മറ്റു ഭാരവാഹികളായ കൃഷ്ണപ്രതാപ്, രമേഷ്, ആർ. രമണി, പി.കെ. ഗുരു, അജീഷ്, പ്രവീൺദാസ്, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.