പ്രതിഷേധം ശക്തം, കുഴികൾ അപകടക്കെണി
1590913
Friday, September 12, 2025 1:03 AM IST
കല്ലടിക്കോട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ മയിലംപുള്ളിയിൽ നിർമിക്കുന്ന ടോൾപ്ലാസയ്ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു.
മയിലംപുള്ളി ബസ് സ്റ്റോപ്പിനോടു ചേർന്നാണ് ടോൾ പ്ലാസ നിർമിക്കാൻ കുഴിയെടുത്തിട്ടുള്ളത്. കുഴിയിൽനിന്നുള്ള മണ്ണ് റോഡിന്റെ വശത്താണ് കൂട്ടിയിട്ടിരിക്കുന്നത്.
മണ്ണെടുത്ത ഭാഗത്തിനുചുറ്റും കമ്പികൾ പ്ലാസ്റ്റിക് വള്ളികെട്ടിവെച്ചിരിക്കുകയാണ്. വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് ഈകുഴി കാണുന്നത്. പെട്ടെന്ന് ബ്രേക്ക് ചവിട്ടുമ്പോൾ വണ്ടി അപകടപ്പെടുന്നതിനു സാധ്യത കൂടുതലാണ്.
കരിങ്കല്ലത്താണി മുതൽ ഒലവക്കോട് താണാവ് വരെ നിർമിച്ച ദേശീയപാതയിൽ മുണ്ടൂർ പൊരിയാനിയിലാണ് നേരത്തെ ടോൾപ്ലാസ നിർമിക്കാൻ തീരുമാനിച്ചിരുന്നത്. അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും 100 അടി വീതിയിലും 500 അടി നീളത്തിലും റോഡ് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ മലമ്പുഴ എംഎൽഎ എ. പ്രഭാകരന്റെയും വി.കെ. ശ്രീകണ്ഠൻ എംപിയുടെയും നാട്ടുകാരുടേയും എതിർപ്പിനെതുടർന്ന് ടോൾപ്ലാസ മയിലംപുള്ളിയിലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
തൂത ചെർപ്പുളശേരി സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങളും ടോൾ നൽകണമെന്നതിനാലാണ് മുണ്ടൂർ പൊരിയാനിയിലെ ടോൾപ്ലാസയ്ക്കെതിരെ ശക്തമായ എതിർപ്പുണ്ടായത്. തുടർന്ന് മയിലംപുള്ളിയിലേക്കു മാറ്റാൻ തീരുമാനിക്കുകയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
കുഴിയെടുത്തിട്ട് മാസങ്ങളായെങ്കിലും തുടർനിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ് . ബൈക്ക് യാത്രക്കാരടക്കമുള്ളവർ കുഴിയിൽ വീഴാതിരിക്കാൻ സുരക്ഷാവേലി നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.
മയിലംപുള്ളിയിൽ നിർമിക്കുന്ന ടോൾപ്ലാസയ്ക്കെതിരെ പ്രദേശവാസികളും യാതക്കാരും വാഹനഉടമകളും പ്രതിഷേധവുമായി ദേശീയപാത അഥോറിറ്റിയെ സമീപിച്ചിട്ടുണ്ട്.