പാസഞ്ചർ ട്രെയിനുവേണ്ടി മുറവിളി
1590918
Friday, September 12, 2025 1:03 AM IST
കൊല്ലങ്കോട്: പാസഞ്ചർ ട്രെയിനിനായി മുതലമട, കൊല്ലങ്കോട് പ്രദേശത്തുകാരുടെ മുറവിളി തുടരുന്നു.
നാഗർപാടം, ചെട്ടിയാർച്ചള്ള, പതിക്കാട്ടുച്ചള്ള, തിരിഞ്ഞകുളമ്പ് പാറക്കാട്ടുചള്ള, പാറയ്ക്കൽചള്ള, ചെമ്മണംതോടെ പള്ളം , ഉൾപ്പെടെ പ്രദേശങ്ങളിലുള്ളവർ പാലക്കാട് പൊള്ളാച്ചി , ചിറ്റൂർ കൊല്ലങ്കോട് ഉൾപ്പെടെ സ്ഥലങ്ങളിലേക്ക് പോവണമെങ്കിൽ കിലോമീറ്ററുകളോളം നടന്നു വേണം പ്രധാന പാതയിലെത്താൻ.
നേരത്തെ പാലക്കാട് - പൊള്ളാച്ചി മീറ്റർഗേജിൽ ആറ് പെയർ പാസഞ്ചർ രാവും പകലും ഓടിയിരുന്നതിനാൽ സമീപവാസികൾക്ക് ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ നിലവിലെ യാത്ര വിവരിക്കാനാവാത്ത വിധം സങ്കീർണമായിരിക്കുകയാണ്. മീറ്റർ ഗേജ് ബ്രോഡ്ഗേജാക്കിയാൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ ട്രെയിനുകൾ ഇതുവഴി ഓടിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ.
ഏറെ കാലയളവിനുശേഷം ബ്രോഡ്ഗേജ് നിർമാണം പൂർത്തിയായെങ്കിലും പാലക്കാട്- പഴനി റൂട്ടിലുണ്ടായിരുന്ന ട്രെയിനുകളെല്ലാം പൂർണമായും നിർത്തി.
ഇപ്പോൾ പാലക്കാട്- തിരുച്ചെന്തൂർ പാസഞ്ചർ മാത്രമാണ് മുതലമട സ്റ്റേഷനിലൂടെ ഒരു തവണ സർവീസ് നടത്തുന്നത്. ഇതാകട്ടെ രാത്രിയിലാണ് കടന്നുപോകുന്നതും. ഇതുവഴി തിരുവനന്തപുരം അമൃത എക്സ്പ്രസും , ചെന്നൈ എക്സ്പ്രസും ഓടുന്നുണ്ടെങ്കിലും മുതലമടയിൽ സ്റ്റോപ്പ് ഇല്ലാത്തതും ഇവിടത്തുകാർക്കു വിനയായി.