മലയോരത്തെ വന്യജീവിശല്യം ലഘൂകരിക്കാൻ ജാഗ്രതാസമിതി
1590671
Thursday, September 11, 2025 1:29 AM IST
കല്ലടിക്കോട്: മലയോര കർഷകർക്ക് കാട്ടാനയുൾപ്പടെയുള്ള വന്യജീവികളിൽ നിന്നുള്ള ശല്യം ലഘൂകരിക്കുന്നതിനായി വനാതിർത്തികളുള്ള പഞ്ചായത്തുകളിൽ പ്രത്യേക ജനജാഗ്രതാ സമിതികൾ രൂപീകരിക്കും.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ വന്യജീവിശല്യം സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ ഹെൽപ്പ് ഡെസ്ക് സജ്ജമാക്കും.
വന്യജീവികൾ ജനവാസ മേഖലയിലേയ്ക്ക് കടക്കുന്നതു തടയുന്നതിനായി വനംവകുപ്പ് സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസറുടെ മേൽനോട്ടത്തിൽ പഞ്ചായത്ത് തലത്തിൽ പ്രൈമറി റെസ്ക്യൂടീം രൂപീകരിച്ച് ഇതിനുള്ള പ്രത്യേക പരിശീലനം നൽകും. പഞ്ചായത്തുകളുടെ സഹായത്തോടെ വനാതിർത്തികളിൽ വൈദ്യുത വേലികളും പ്രകൃതിദത്തമായ പ്രതിരോധ മാർഗങ്ങളും നടപ്പാക്കും. ജനകീയ പങ്കാളിത്തത്തോടെയുള്ള വിവിധങ്ങളായ കർമപദ്ധതികളാകും ജനജാഗ്രതാ സമിതികളിലൂടെ നടപ്പാക്കുക.
കരിമ്പ ഗ്രാമപഞ്ചായത്ത് തലത്തിലുള്ള ജനജാഗ്രതാ സമിതിയുടെ പ്രാരംഭയോഗം ശിരുവാണി ശിങ്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്നു. ജനപ്രതിനിധികളും വനംവകുപ്പ് കർഷക പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ മണ്ണാർക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഇംബ്രാസ് എലിയാസ് നവാസ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. മനോജ്, കല്ലടിക്കോട് സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസർ എം. കിത്തലൻ, പാലക്കയം സ്പെഷൽ വില്ലേജ് ഓഫീസർ അബ്ബാസ് അലി എന്നിവർ പ്രസംഗിച്ചു.