പൂർണസാക്ഷരത: മൂന്നാംഘട്ട പ്രവർത്തനങ്ങൾക്കു തുടക്കം
1590678
Thursday, September 11, 2025 1:29 AM IST
പാലക്കാട്: ലോക സാക്ഷരതാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഷൊർണൂർ എസ്എൻ കോളജിൽ നഗരസഭ ചെയർമാൻ കെ. ജയപ്രകാശ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എ. ഷാബിറ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി സാക്ഷരതദിന സന്ദേശം നൽകി.
ജില്ലാ സാക്ഷരതാസമിതി അംഗങ്ങളായ ഒ. വിജയൻ മാസ്റ്റർ, ഡോ.പി സി. ഏലിയാമ്മ, ജില്ലാ കോ-ഓർഡിനേറ്റർ സജി തോമസ്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പി.വി. പാർവതി, എസ്എൻ കോളജ് എൻഎൻഎസ് പ്രോഗ്രാം ഓഫീസർ സി. ഗിരിജ, പ്രോഗ്രാം ഓഫീസർ രാജേഷ്, ആർപി മാരായ വി.പി. ജയരാജൻ, കെ.വി. ജയൻ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ സാക്ഷരതാ പ്രവർത്തകരായ വിജയൻ മാസ്റ്റർ, ഡോ. ഏലിയാമ്മ ടീച്ചർ എന്നിവരെ നഗരസഭ ചെയർമാൻ കെ. ജയപ്രകാശ് ആദരിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്തപദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സർവേ സംബന്ധിച്ച് എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾക്കുള്ള പരിശീലനവും നടന്നു. അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കി പരിപൂർണസാക്ഷരത കൈവരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കി.
സർവെയിലൂടെ കണ്ടെത്തുന്ന നിരക്ഷരരെ എട്ട് മുതൽ പത്ത് പേർക്ക് ഒരു ക്ലാസ് എന്ന നിലയിൽ സാക്ഷരതാ മിഷൻ തയ്യാറാക്കിയ സാക്ഷരതാ പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി 120 മണിക്കൂർ പഠനം നൽകി. മികവുത്സവം സാക്ഷരതാ പരീക്ഷയിൽ പങ്കെടുപ്പിച്ച് വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകും. നവസാക്ഷരെയും തുടർപഠനം ആഗ്രഹിക്കുന്നവരെയും ഈ സർവെയിലൂടെ കണ്ടെത്തി തുല്യത കോഴ്സുകളിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളും ഇതോടൊപ്പം നടത്തും.