ഹരിതകർമസേനക്ക് അഭിമാനമായി ഗിരിജയും ചന്ദ്രികയും
1590921
Friday, September 12, 2025 1:03 AM IST
വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്ത് രണ്ടാം വാർഡിലെ ഹരിതകർമസേനാംഗങ്ങളായ ഗിരിജക്കും ചന്ദ്രികക്കും നാട്ടുകൂട്ടങ്ങളുടെ അഭിനന്ദനങ്ങൾ. ഇല്ലായ്മയിലും സത്യസന്ധത ഉയർത്തി പ്പിടിച്ചതിനാണ് ഈ ജനാംഗീകാരം.
വീടുകളിൽ നിന്നും ശേഖരിച്ച അജൈവവസ്തുക്കൾ തരംതിരിക്കുന്നതിനിടെ കിട്ടിയ സ്വർണമോതിരം ഉടമയെ കണ്ടെത്തി ഇവർ തിരിച്ചേൽപ്പിക്കുകയായിരുന്നു.
പാഴ് വസ്തുക്കളിൽ നിന്നും അപ്രതീക്ഷിതമായി സ്വർണമോതിരം കിട്ടിയ വിവരം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയുണ്ടായി.
ഉടമയെ കണ്ടെത്താൻ പിന്നെ അന്വേഷണമായി. ഒടുവിൽ മോതിരത്തിന്റെ ഉടമയായ ചല്ലുപടി പുല്ലയിലെ വാസുവും കുടുംബവുമാണെന്ന് തിരിച്ചറിഞ്ഞു. കുടുംബത്തെ പഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചുവരുത്തി മോതിരം കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ്, വൈസ് പ്രസിഡന്റ് പി. ശശികല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷക്കീർ, പി. ശശികുമാർ, ചെയർപേഴ്സൺ സുബിത, മെംബർമാരായ മീനാകുമാരി, ഡിനോയ് കോമ്പാറ, സെക്രട്ടറി കെ.ജി. സജീവ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. ചെന്താമരാക്ഷൻ, ജൂണിയർ സൂപ്രണ്ട് എം. ഹംസ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. മഞ്ജു തുടങ്ങിയവർ ഉടമക്ക് മോതിരം കൈമാറുന്നതിൽ പങ്കെടുത്തു.