എക്സൈസ് ഓണം സ്പെഷല്‍ ഡ്രൈവ്: പിടിയിലായത് 231 പേര്
1590914
Friday, September 12, 2025 1:03 AM IST
പാലക്കാട്: എക്സൈസ് വകുപ്പ് നടത്തിയ ഓണം സ്പെഷ്യല്‍ ഡ്രൈവില്‍ ജില്ലയില്‍ 195 അബ്കാരി കേസുകളും, 78 മയക്കുമരുന്ന് കേസുകളിലുമായി പിടിയിലായത് 231 പേര്.
എക്സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ഓഗസ്റ്റ് നാലുമുതല്‍ സെപ്റ്റംബര്‍ പത്തുവരെയായിരുന്നു സ്പെഷല്‍ ഡ്രൈവ് നടത്തിയത്.
അബ്കാരി കേസുകളിലായി 653.300 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 95.8 ലിറ്റര്‍ ചാരായം, 8264 ലിറ്റര്‍ വാഷ്, 22.975 ലിറ്റര്‍ അന്യസംസ്ഥാന വിദേശമദ്യം, പത്തുലിറ്റര്‍ കള്ള്, രണ്ടുലിറ്റര്‍ വ്യാജമദ്യം, 6.5 ലിറ്റര്‍ ബീയര്‍ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളില്‍ 33.824 കിലോ ഗ്രാം കഞ്ചാവ്, 216 കഞ്ചാവ് ചെടികള്‍, 1183 ഗ്രാം ഹാഷിഷ് ഓയില്‍, 466.376 ഗ്രാം മെത്താഫിറ്റമിന്‍, 11 ഗ്രാം നൈട്രോസെപാം ടാബ്ലെറ്റ് എന്നിവ പിടിച്ചെടുത്തു. പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് 1052 കേസുകളിലായി 96.724 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. 1451 കള്ളുഷാപ്പുകളും 110 ബാറുകളും പരിശോധന നടത്തിയിയതില് 317 കള്ളുസാമ്പിളുകളും 47 വിദേശമദ്യ സാമ്പിളുകളും ശേഖരിച്ചു.
തുടര്‍ന്നും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നു ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ പരിശോധിക്കാനും അതിര്‍ത്തി വഴികളിലൂടെയുള്ള ലഹരികടത്ത് കര്‍ശനമായി നിരീക്ഷിച്ച് നടപടിയെടുക്കാനും തീരുമാനിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ പി.കെ സതീഷ് അറിയിച്ചു.