യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
1590600
Wednesday, September 10, 2025 11:21 PM IST
പാലക്കാട്: പുതുപ്പരിയാരത്തു യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പുതുപ്പരിയാരം പൂച്ചിറ സ്വദേശി അനൂപിന്റെ ഭാര്യ മീര(32)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവുമായി പിണങ്ങിയ മീര ചൊവ്വാഴ്ച മാട്ടുമന്ത ചോളോടുള്ള സ്വന്തം വീട്ടിലെത്തിയിരുന്നു. രാത്രി 11 മണിയോടെ അനൂപെത്തി മീരയെ തിരികെ കൊണ്ടുപോയിരുന്നു. പിന്നീട് മീരയുടെ മരണവിവരമാണ് കുടുംബം അറിയുന്നത്.
ഇരുവരും തമ്മിലുള്ള വഴക്കാവാം മരണത്തിലേക്കു നയിച്ചതെന്നു മീരയുടെ കുടുംബം ആരോപിച്ചു. ആദ്യവിവാഹം വേർപിരിഞ്ഞശേഷം ഒരുവർഷംമുന്പാണ് മീര അനൂപിനെ വിവാഹം ചെയ്തത്. മീര ഒരിക്കലും ജീവനൊടുക്കില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
വിവാഹശേഷം ഇരുവരും തമ്മിൽ നിരന്തരം പ്രശ്നമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അടുത്തകാലത്താണ് ഇക്കാര്യം വീട്ടുകാരെ അറിയിച്ചതത്രെ. പോലീസിൽ പരാതി നൽകാനിരിക്കെയാണ് അനൂപ് വീട്ടിലെത്തി ക്ഷമാപണംനടത്തി തിരികെ കൊണ്ടുപോയതെന്നു ബന്ധുക്കൾ പറഞ്ഞു.
മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മാട്ടുമന്ത വൈദ്യുതശ്മശാനത്തിൽ സംസ്കരിച്ചു. മകൾ: എയ്ഞ്ചൽ. അച്ഛൻ: സുന്ദരൻ. അമ്മ: സുശീല. ഹേമാംബികനഗർ പോലീസ് അസ്വാഭാവികമരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.