കേളി അവാർഡ് തുവ്വൂർ വിമലഹൃദയാശ്രമത്തിന്
1590920
Friday, September 12, 2025 1:03 AM IST
മണ്ണാർക്കാട്: പ്രമുഖ സാംസ്കാരികസംഘടനയായ കേളി കലാസാഹിത്യവേദിയുടെ ഒമ്പതാം വാർഷികാഘോഷവും അഞ്ചാമത് കേളി അവാർഡ് ദാനവും നാളെ വൈകുന്നേരം അഞ്ചിന് മണ്ണാർക്കാട് റൂറൽ ബാങ്ക് ഹാളിൽ നടക്കും.
വയോജന സംരക്ഷണ പ്രവർത്തനങ്ങൾ മാതൃകാപരമായി നടത്തുന്ന വ്യക്തികൾക്കോ സംഘടനക്കോ ആണ് അവാർഡ് നൽകുന്നത്.
25,000 രൂപയും വെങ്കലശില്പവുമാണ് കേളി അവാർഡ്. ഈ വർഷം അവാർഡ് നൽകുന്നത് 148 വയോജനങ്ങളെ സംരക്ഷിച്ചു വരുന്ന "ആകാശപ്പറവകൾ’ നടത്തുന്ന മലപ്പുറം ജില്ലയിലെ തുവ്വൂർ വിമല ഹൃദയാശ്രമത്തിനാണ്. പ്രഭാഷകൻ വി.കെ. സുരേഷ്ബാബു കണ്ണൂർ ആണ് ഉദ്ഘാടകൻ.
മണ്ണാർക്കാട്ടെ കലാകാരൻമാർ അവതരിപ്പിക്കുന്ന കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. കേളി പ്രസിഡന്റ് എം. ചന്ദ്രദാസൻ അധ്യക്ഷത വഹിക്കും.
കേളി രക്ഷാധികാരികളായ ടി.ആർ. സെബാസ്റ്റ്യൻ, രംഗനാഥൻ, എം. പുരുഷോത്തമൻ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലർ പി.എൻ. മോഹനൻ എന്നിവർ പ്രസംഗിക്കും.
വിമല ഹൃദയാശ്രമത്തിനുവേണ്ടി സിസ്റ്റർ കിരൺ എംഎസ്ജെ മറുപടിപ്രസംഗം നടത്തും.
പത്രസമ്മേളനത്തിൽ കേളി രക്ഷാധികാരി ടി.ആർ. സെബാസ്റ്റ്യൻ, പ്രസിഡന്റ് എം. ചന്ദ്രദാസൻ, വൈസ് പ്രസിഡന്റ് ഹസൻ മുഹമ്മദ്, ജോയിന്റ് സെക്രട്ടറി എം.വി. കൃഷ്ണൻകുട്ടി, എക്സിക്യൂട്ടീവ് മെംബർ മനോജ് എന്നിവർ പങ്കെടുത്തു.