ജനവാസമേഖലയിലെ ക്വാറി പ്രവർത്തനം നിർത്താൻ ഗ്രാമസഭായോഗ തീരുമാനം
1590919
Friday, September 12, 2025 1:03 AM IST
കൊഴിഞ്ഞാമ്പാറ: പൊതുജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും വെല്ലുവിളിയായ എരുത്തേമ്പതി പഞ്ചായത്ത് മലയാണ്ടികൗണ്ടന്നൂരിലെ കരിങ്കൽക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക ഗ്രാമസഭയിലാണ് തീരുമാനമായത്. ക്വാറി പ്രവർത്തനം മൂലം ദുരിതത്തിലായ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക ഗ്രാമസഭ കൂടിയത്.
ക്വാറിയുടെ പ്രവർത്തനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി 130 ഓളം വരുന്ന പ്രദേശവാസികളുടെ നിവേദനം അടുത്ത ഭരണസമിതി യോഗത്തിൽ ചർച്ചക്ക് വെക്കും. തുടർന്ന് ക്വാറി ഉടമയ്ക്ക് പ്രവർത്തനം നിർത്തിവക്കണമെന്ന് കാണിച്ച ്നോട്ടീസ് നൽകുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സി. സമ്പത്ത്കുമാർ അറിയിച്ചു.
മുൻവർഷവും നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകി നിർത്തിയിരുന്നു. കുടുംബങ്ങൾ താമസിക്കുന്നതിനു നൂറുമീറ്റർ ദൂരപരിധിയിൽ പാറ പൊട്ടിക്കലും അനുബന്ധ ഇടപാടുകളും പാടില്ലെന്ന നിയമവ്യവസ്ഥ ലംഘിച്ച് അനുമതി നൽകിയെന്നതായിരുന്നു ആരോപണം.
വിവിധ വകുപ്പുകളിൽ നിന്നും ലഭിച്ചപതിനൊന്നോളം അനുമതികളുമായാണ് ക്വാറിയുടമ പഞ്ചായത്തിൽ ലൈസൻസിനായി അനുമതി തേടിയതെന്നും രേഖകളുടെ അടിസ്ഥാനത്തിലാണ് അന്ന് അനുമതി നൽകിയതെന്നും പഞ്ചായത്ത് സെക്രട്ടറി ജയാനന്ദൻ പറഞ്ഞു.
എഴുത്തേമ്പതി പഞ്ചായത്തിലെ പ്രധാനപ്പെട്ട രണ്ട് പഞ്ചായത്ത് റോഡുകളിലൂടെ ക്വാറിയിൽ നിന്നുമുള്ള കല്ലുമായെത്തുന്ന ടോറസ് ലോറികൾ പോകരുതെന്ന നിബന്ധന വെച്ചാണ് ലൈസൻസ് നൽകിയിരുന്നതെന്ന് പഞ്ചായത്ത് ഉപാധ്യക്ഷൻ അറിയിച്ചു.
എന്നാൽ ആഴ്ചകൾക്ക് മുൻപ് കരിങ്കല്ലു കയറ്റി ലോറി ഇതിലൂടെ കടന്നുപോയതായും നാട്ടുകാർ പറയുന്നുണ്ട്. ക്വാറിയിൽ നിന്നുള്ള വാഹനങ്ങൾ കടന്നുപോകുന്നതിനാൽ പ്രദേശത്തെ റോഡുകൾ തകരുന്നതായും നാട്ടുകാർ പറഞ്ഞു.