കാഴ്ചശേഷിയില്ലാത്ത ഗൃഹനാഥയ്ക്ക് ലോട്ടറിവില്പനയ്ക്കു തണലൊരുക്കി
1591158
Saturday, September 13, 2025 1:28 AM IST
വടക്കഞ്ചേരി: കാഴ്ചശേഷിയില്ലാത്ത നിർധനഗൃഹനാഥയ്ക്ക് ലോട്ടറിവില്പനയ്ക്കുള്ള തണലൊരുക്കി വടക്കഞ്ചേരി ലയൺസ് ക്ലബ്. വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ ലോട്ടറിവില്പന നടത്തി ഉപജീവനമാർഗം കണ്ടെത്തുന്ന സരോജിനി പൊന്മലയ്ക്കാണ് ലയൺസ് ക്ലബിന്റെ താങ്ങായത്. വെയിലും മഴയും ഏൽക്കാതെ തൊഴിൽ ചെയ്യാൻ വലിയൊരു കളർഫുൾ കുടയാണ് ക്ലബ് നൽകിയത്.
ടിക്കറ്റുകൾ പ്രദർശിപ്പിക്കാനുള്ള സ്റ്റാൻഡ്, കസേര, മേശ, ബാഗ് തുടങ്ങിയവയും ക്ലബിന്റെ വകയായി നൽകി. ചടങ്ങിനെത്തിയവരെല്ലാം ലോട്ടറി ടിക്കറ്റ് എടുത്തും സഹായിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ. ഉസനാർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഗിരിജ, ക്ലബ് പ്രസിഡന്റ് കെ.പി. രാജേന്ദ്രൻ, സെക്രട്ടറി സജോ ജോർജ്, പ്രശാന്ത് മേനോൻ, ബേബി വർഗീസ്, ഡോ. കുട്ടമണി, ജോസ് ജോർജ്, ബാബു പീറ്റർ, കെ.പി. എൽദോസ്, ജ്യോതി തോമസ് പ്രസംഗിച്ചു.