കസ്റ്റഡിമർദനം: കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്
1591161
Saturday, September 13, 2025 1:28 AM IST
കൊല്ലങ്കോട്: കൊല്ലങ്കോട് പോലീസ് സ്റ്റേഷനിൽ ലോക്കപ്പ് മർദനം നടത്തിയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നിരപരാധിയായ വിജയകുമാറിനെ കള്ളക്കേസിൽ കുടുക്കിയും ലോക്കപ്പിൽ ക്രൂരമായി മർദിക്കുകയും ചെയ്ത അന്നത്തെ കൊല്ലങ്കോട് സിഐയും നിലവിൽ തൃശൂർ എസിപിയുമായ സലീഷ് എം. ശങ്കരനെയും മർദനത്തിന് നേതൃത്വം നൽകിയ പോലീസുകാരെയും സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.
പൊള്ളാച്ചി റോഡിൽ നിന്നും ആരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷന് സമീപം ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാനും മറിച്ചിടാനും ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതിന് പിന്നാലെ പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പലതവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാൻ കൂട്ടാക്കിയില്ല.
തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഇതിന് പിന്നാലെ യൂത്ത് കോണ്ഗ്രസ് നേതാക്കളായ മനു പല്ലാവൂർ, ശ്യാം ദേവദാസ്, സി. വിഷ്ണു, കെ.ജി. രാഹുൽ, പ്രദീപ് നെന്മാറ, ബാബു കൊല്ലങ്കോട് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കൊല്ലങ്കോട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. നെന്മാറ നിയോജകമണ്ഡലം പ്രസിഡന്റ്് മനു പല്ലാവൂർ അധ്യക്ഷനായി.