ആർദ്ര കേരളം പുരസ്കാരം: വെള്ളിനേഴിക്ക് ഒന്നാംസ്ഥാനം
1591423
Sunday, September 14, 2025 1:15 AM IST
പാലക്കാട്: ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള 2023- 24 വർഷത്തെ ആർദ്ര കേരളം പുരസ്കാരം വെള്ളിനേഴി ഗ്രാമപഞ്ചായത്തിന്. ഗ്രാമപഞ്ചായത്ത് തലത്തിൽ സംസ്ഥാനത്തെ ഒന്നാം സ്ഥാനമാണ് വെള്ളിനേഴി നേടിയത്. 10 ലക്ഷം രൂപയാണ് സമ്മാനത്തുക. സമ്പൂർണ പൊതു കുടിവെള്ള സ്രോതസ് ഗുണമേന്മ നിർണയത്തിനും പരിഹാരത്തിനുമായി നടപ്പിലാക്കിയ തെളിനീർ പദ്ധതി, ഗർഭകാല ദമ്പതി സംഗമവും കൗമാര ആരോഗ്യ സംഗമവും ലക്ഷ്യമിട്ടുള്ള വാത്സല്യം വെള്ളിനേഴി പദ്ധതി, സമ്പൂർണ പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയവയാണ് ഈ നേട്ടത്തിന് അർഹമാക്കിയത്.
വയോജന ആരോഗ്യ സംഗമം സംഘടിപ്പിച്ച സാഖ്യസായാഹ്നം, ഹൃദയാരോഗ്യ, വൃക്ക രോഗ നിർണയത്തിനായുള്ള ഹൃദയപൂർവ്വം വെള്ളിനേഴി തുടങ്ങിയ പദ്ധതികളും പഞ്ചായത്ത് നടപ്പാക്കി. ഇതിനു പുറമെ ഭക്ഷ്യസുരക്ഷിത വെള്ളിനേഴി, ശുചിത്വ ഭവനം, സ്കൂളുകൾക്ക് പ്രഥമ ശുശ്രൂഷാ കിറ്റ്, ജീവൻരക്ഷാ സഹായ പരിശീലനം, മാനസികാരോഗ്യ പരിപാടിയായ 'മാർഗദീപ്തി' എന്നിവയും വെള്ളിനേഴിയുടെ നേട്ടങ്ങളാണ്.
ജില്ലാതലത്തിൽ, ഗ്രാമപഞ്ചായത്തുകൾക്കായി ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ ജില്ലയിൽ നിന്ന് പെരുവെമ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും കരിമ്പ ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം അഞ്ചുലക്ഷം രൂപ, മൂന്നുലക്ഷം രൂപ, രണ്ടുലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക ലഭിക്കുക.