ഡെസ്റ്റിനേഷൻ ചലഞ്ച് ശക്തിപ്പെടുത്തും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
1591425
Sunday, September 14, 2025 1:15 AM IST
ആലത്തൂർ: ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി കൂടുതൽ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകുവാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നതെന്ന് പൊതുമരാമത്ത്, ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാരമല ചിൽഡ്രൻസ് ആൻഡ് അഡ്വഞ്ചർ പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അന്താരാഷ്ട്ര തലത്തിൽ ടൈം മാഗസിൻ നടത്തിയ പഠനത്തിൽ ലോകത്തിൽ കണ്ടിരിക്കേണ്ട 50 ടൂറിസ്റ്റ് കേന്ദ്രങ്ങളെ തെരഞ്ഞെടുത്തതിൽ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇടം നേടുന്ന ഡെസ്റ്റിനേഷനായി കാരമല മാറിക്കഴിഞ്ഞു. 83.5 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് നൽകിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി.പി. സുമോദ് എം.എൽ.എ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, വൈസ് പ്രസിഡന്റ് കെ.സി. ബിനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പങ്കെടുത്തു.