കതിരണിഞ്ഞ പാടശേഖരങ്ങളിൽ ചാഴിശല്യം രൂക്ഷം
1591426
Sunday, September 14, 2025 1:15 AM IST
നെന്മാറ: മൂപ്പുകുറഞ്ഞ നെല്ല് കൃഷിചെയ്ത പാടങ്ങളിൽ കതിരിനൊപ്പം ചാഴിയുടെ ആക്രമണവും. അയിലൂർ കൃഷിഭവൻ പരിധിയിൽ തിരുവഴിയാട്, മരുതഞ്ചേരി, ചെട്ടികുളമ്പ്, പറയമ്പളം മേഖലകളിലെ നെൽപ്പാടങ്ങളിലാണ് ചാഴിശല്യം രൂക്ഷമായി കാണപ്പെട്ടത്.
സമീപ കൃഷിയിടങ്ങളിൽ കതിരു നിരക്കുന്നതിനുമുമ്പ് സീസണിൽ ആദ്യം കതിരുനിരന്ന പാടങ്ങളിലാണ് ചാഴിശല്യം പെരുകിയത്. ചാഴിശല്യം കൂടിയ നെൽപ്പാടങ്ങളിൽ കർഷകർ കീടനാശിനി തളിക്കലും ആരംഭിച്ചു. പകൽ കനത്ത ചൂടുള്ളതിനാൽ നെൽച്ചെടികളുടെ താഴ്ഭാഗത്ത് ചാഴികൾ ഒളിഞ്ഞിരിക്കുന്നതിനാൽ സ്പർശനശേഷിയുള്ള കീടനാശിനി പ്രയോഗം കൂടുതൽ ഫലവത്തായി കാണുന്നില്ല. ആയതിനാൽ ബഹുഭൂരിപക്ഷം കർഷകരും രാവിലെയും വൈകിട്ടും വെയിൽ കുറഞ്ഞ സമയങ്ങളിലാണ് ചാഴിക്ക് കീടനാശിനി തളിക്കുന്നത്.