നൂറ്റിയമ്പതു പേർക്ക് വിദേശജോലി ഉറപ്പാക്കി തൊഴിൽമേള
1591436
Sunday, September 14, 2025 1:15 AM IST
മണ്ണാർക്കാട്: അഡ്വ. എൻ. ഷംസുദ്ദീൻ എംഎൽഎ നടപ്പാക്കി വരുന്ന ഫ്ലെയിം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് കമ്പനിയുടെ സഹകരണത്തോടെ തൊഴിൽ മേള സംഘടിപ്പിച്ചു.
മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് ഓഡിറ്റോറിയത്തിൽ എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത അധ്യക്ഷയായി.
ഗ്രാൻഡ് ഗ്രൂപ്പ് സിഎച്ച്ആർഒ എം.ടി. അനീസ് തൊഴിൽ അവസരങ്ങൾ വിശദീകരിച്ചു. മുനിസിപ്പൽ കൗൺസിലർ എൻ.വി. ഷറഫുന്നിസ, കെ.സി. അബ്ദുറഹ്്മാൻ, ഫ്ലെയിം കോർ ഗ്രൂപ്പ് ചെയർമാൻ ഹമീദ് കൊമ്പത്ത്, ഭാരവാഹികളായ കെ.ജി. ബാബു, സിദ്ദീഖ് പാറോക്കോട്, ജോബ് ഐസക്, പി.സി.എം. ഹബീബ്, ബിജു ജോസ്, മുഹ്സിൻ ചങ്ങലീരി, റിക്രൂട്ട്മെന്റ് മാനേജർ ടി.കെ. അർഷദ്, ജയപ്രകാശ് വാഴോത്ത്, സൈനുദ്ദീൻ കൈതച്ചിറ പ്രസംഗിച്ചു.
നിയോജക മണ്ഡലത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ സൗജന്യ വിസയോടെ തൊഴിൽ അവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ജോബ് ഡ്രൈവിൽ നാനൂറിലധികം ഉദ്യോഗാർഥികൾ പങ്കെടുത്തു.
യുഎഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, സൗദി അറേബ്യ തുടങ്ങിയ അഞ്ച് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഗ്രാൻഡ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കായി സംഘടിപ്പിച്ച തൊഴിൽ മേളയിൽ നൂറ്റമ്പതോളം പേർക്ക് നിയമനം ഉറപ്പാക്കി.