പാടശേഖരങ്ങളിൽ മുഞ്ഞബാധ വ്യാപകം; കർഷകർ ആശങ്കയിൽ
1591662
Monday, September 15, 2025 1:09 AM IST
നെന്മാറ: വിളഞ്ഞു തുടങ്ങിയ നെൽപ്പാടങ്ങളിൽ മുഞ്ഞയുടെ ആക്രമണം വ്യാപകം. നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ അകമ്പാടം, പോത്തുണ്ടി, ചെട്ടികുളമ്പ്, മരുതഞ്ചേരി മേഖലകളിലെ പാടശേഖരങ്ങളിലാണ് വ്യാപകമായി മുഞ്ഞയുടെ ആക്രമണം കണ്ടത്.
ഏതാനും മീറ്റർ വലിപ്പത്തിൽ നെൽപ്പാടങ്ങളിൽ ഉണങ്ങിയ രീതിയിൽ നെൽച്ചെടികൾ കണ്ടതിനെ തുടർന്ന് കർഷകർ പരിശോധിച്ചപ്പോഴാണ് മുഞ്ഞബാധ സ്ഥിരീകരിച്ചത്. മുഞ്ഞബാധ കണ്ടയുടൻ നെൽപ്പാടങ്ങളിലെ വെള്ളം വാർത്തു കളഞ്ഞെങ്കിലും ദിവസങ്ങൾക്കകം കൂടുതൽ നെൽപ്പാടങ്ങളിലേക്ക് വ്യാപിക്കുകയാണ്.
നെൽച്ചെടിയുടെ ചുവട്ടിൽ പറ്റിപ്പിടിച്ചിരിക്കുന്ന മുഞ്ഞ കൂട്ടത്തോടെ നെൽ ചെടികളിൽനിന്ന് നീരുറ്റി കുടിക്കുന്നതോടെയാണ് ചെടികൾ ഉണങ്ങി നെൽപ്പാടത്തു തന്നെ ചാഞ്ഞുവീഴുന്നത്.
നെല്ല് പൂർണമായും പഴുത്തു തുടങ്ങിയിട്ടില്ലാത്തതിനാൽ കൊയ്തെടുത്താൽ തൂക്കം കുറയും എന്ന ആശങ്കയും കർഷകരിലുണ്ട്.
കൃഷിവകുപ്പ് നിർദ്ദേശപ്രകാരം മുഞ്ഞയ്ക്ക് മരുന്നു തളിക്കുന്നതും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കർഷകർ പറയുന്നു.
ദിവസങ്ങൾക്കകം തന്നെ പ്രജനനം നടത്തി പുതിയ കുഞ്ഞുങ്ങൾ വിരിയുന്നതും നീരൂറ്റി കുടിക്കുന്നതിനാലും ദിവസങ്ങൾക്കകം നെൽച്ചെടികൾ വൈക്കോൽ രൂപത്തിൽ ചാഞ്ഞുവീഴുകുകയാണ്. മരുന്നുതളി ഫലപ്രദമാകാത്ത ചില പാടശേഖരങ്ങളിൽ കർഷകർ നെല്ല് മൂപ്പ് എത്തുന്നതിന് മുമ്പ് തന്നെ കൊയ്തെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.